palli

ഗൂഡല്ലൂർ: കുടിയൊഴിപ്പിക്കലിനെതിരെ സ്വന്തം ജീവൻ ബലികൊടുത്തുകൊണ്ട് പ്രതിരോധിച്ച തുരുത്തിയിൽ ലൂയീസിന്റെ ഓർമ്മ നിലനിൽക്കുന്ന നാട്ടിൽ വീണ്ടും കുടിയിറക്കൽ നടപടിയുമായി വനം വകുപ്പ്. 63 കർഷക കുടുംബങ്ങൾ അധിവസിക്കുന്ന ബോസ്പുരയിലെ എഴുപത്തിമൂന്നര ഏക്കർ സ്ഥലമാണ് റിസർവ് ഭൂമിയാണെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1960 കൾക്ക് ശേഷം കുടിയേറിതാമസിച്ചവരാണ് വയനാടിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ ബോസ്പുരയിലെ കർഷക ജനത. പലരും ഇവിടുത്തെ ആദിമ നിവാസികളായ ആളുകളിൽ നിന്ന് പണം കൊടുത്താണ് ഭൂമി വാങ്ങിയത്. ഭൂമിയിൽ കഠിനദ്ധ്വനം ചെയ്ത് മണ്ണിൽ കനകം വിളയിച്ചതോടെ ഫോറസ്റ്റ് റവന്യൂ വിഭാഗങ്ങൾ വനഭൂമിയാണെന്ന അവകാശവുമായി കുടിയിറക്കുമായി രംഗത്ത് വന്നു. ഇതിനെതിരെ 78 കാലയളവിൽ കർഷക സമരം ആരംഭിച്ചു. ലൂയീസിന്റ ആത്മഹൂതിയെ തുടർന്ന് കുടിയിറക്ക് താത്ക്കാലികമായി അധികൃതർ നിർത്തിവെച്ചു. കഴിഞ്ഞ മെയ്മാസത്തിൽ വീണ്ടും കുടിയിറങ്ങാൻ ഓഡറിടുകയും ഇത് ഒക്‌ടോബറിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സെക്ഷൻ 6 അനുസരിച്ച് ഭൂമി തരം തിരിക്കുമ്പോൾ ഭൂമിയിലെ താമസക്കാരോട് അഭിപ്രായം ചോദിക്കണമെന്ന് നിയമമുണ്ട്. അതിന് ശേഷം സെക്ഷൻ നാല് പ്രകാരം നടപടി വ്യക്തമാക്കികൊണ്ട് വേണം ഉത്തരവ് ഇറക്കേണ്ടതെന്നാണ് നിയയമം ഇത് ഇവിടെ നടപ്പിലായില്ലെന്നാണ് ബോസ്പുരയിലെ കർഷകർ പറയുന്നത്. റിസർവ്വ് വനമാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് പ്രദേശത്തെ ഏക ക്രിസ്ത്യൻ ആരാധനാലയമായ പള്ളിയുടെ ഭിത്തിയിൽ ഒട്ടിക്കുകയാണ് ചെയ്തത്. മാത്രമല്ല എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. പള്ളിക്ക് പുറമെ ഒരു സണ്ടേ സ്‌കൂൾ, റേഷൻകട, ക്ലബ്ബ് എന്നിവയെല്ലാം ബോസ്പുരയിൽ പ്രവർത്തിക്കുന്നു. ഇതിന് പുറമെ അൺഡിക്ലെയ്ഡ് ഫോറസ്റ്റ് ഭൂമി എന്ന പേരിൽ 150 ഏക്കറോളം സ്ഥലം കരിക്കനക്കൊല്ലി, കാട്ടിക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലായുണ്ട്. ഇവിടെയും നൂറ്കണക്കിന് കർഷകർ താമസിക്കുന്നിടമാണ്. മാറിമാറി വരുന്ന സർക്കാരുകൾ ഈ കുടിയേറ്റ ജനതയുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനവും കൈക്കൊള്ളുന്നില്ല. പലരുടെ കൈകളിലൂടെ മാറിമറിഞ്ഞ് വന്നതും നികുതി സ്വീകരിച്ചുകൊണ്ടിരുന്നതുമായ എ.ഡബ്യു ഭൂമിക്ക് ഇപ്പോൾ നികുതി സ്വീകരിക്കുന്നില്ല. ഇതും റിസർവ്വ് വനമാക്കി ഇവിടുത്തെ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണോയെന്ന് സംശിക്കേണ്ടിയിരിക്കുന്നു. ഇങ്ങിനെ വരുകയാണെങ്കിൽ ശ്രീമധുര പഞ്ചായത്തിൽ മാത്രം 349 ഹെക്ടർ ഭൂമിയാണ് എ.ഡബ്ല്യുവിന്റെ പട്ടികയിൽ വരുക. മുതുമല വന്യ ജീവി സങ്കേതത്തിന്റെ കീഴിലായി വരുന്ന ഈ മേഖലകളിൽ പുതിയ ആനത്താരകൾ നിലവിൽ വരുകയും ചെയ്തു. റിസർവ് വനമാക്കി മാറ്റിയ ഉത്തരവിനെതിരെ ഇനി സുപ്രീം കോടതിയെ സമീപിക്കാനെ കഴിയു. കുടിയിറക്കിനെതിരെ നിലനിൽപ്പ് നഷ്ടമായ കർഷക ജനത ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.