മേപ്പാടി: ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളായിരുന്ന ഇ.എം.എസ് ഓഡിറ്റോറിയത്തിന് ശാപമോക്ഷമില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. നേരത്തെ വിവാഹം സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ നടന്നിരുന്ന കെട്ടിടമായിരുന്നു ഇത്. കുറഞ്ഞ ചിലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നത് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. എന്നാൽ മേപ്പാടിയിൽ പോളിടെക്നിക് കോളേജ് സർക്കാർ അനുവദിച്ചതോടെ കെട്ടിടം താത്ക്കാലികമായി കോളേജിന് നൽകിയിരുന്നു. 18 വർഷം ഈ കെട്ടിടത്തിലാണ് പോളിടെക്നിക് കോളേജ് പ്രവർത്തിച്ചിരുന്നത്. കോളേജിന് താഞ്ഞിലോട് സ്വന്തമായി കെട്ടിടം നിർമ്മിച്ചതോടെ പഞ്ചായത്തിന് ഒഴിഞ്ഞു നൽകി. ഇതിനുശേഷം ലക്ഷങ്ങൾ മുടക്കി വീണ്ടും കെട്ടിടം നവീകരിച്ചു. അഞ്ചുവർഷം മുൻപാണ് 30 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നവീകരിച്ചത്. എന്നാൽ അറ്റകുറ്റ പണികൾ പൂർത്തീകരിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ല. ഇപ്പോൾ അഞ്ചു വർഷത്തിലധികമായി കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിടത്തിന് ചുറ്റും കാടുമൂടി. കെട്ടിടം സ്വകാര്യ ചടങ്ങുകൾക്ക് വിട്ടു നൽകണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയ്യാറായിട്ടില്ല. പോളിടെക്നിക് കോളേജിന് പുറമെ ടെലഫോൺ എക്സ്‌ചേഞ്ച് അടക്കമുള്ള ഓഫീസുകളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇവയെല്ലാം അടഞ്ഞു കിടക്കുകയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭാഗമായി ദുരന്തബാധിതർക്ക് വിതരണത്തിനായി കൊണ്ടുവന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിച്ചാൽ മറ്റൊരു ഉപകാരവും കെട്ടിടത്തിന് ഇല്ല. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം അരി ഈർപ്പം തട്ടി നശിക്കുന്ന സാഹചര്യമുണ്ട്. മേപ്പാടിയിൽ രണ്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളാണ് ഉള്ളത്. ആയിരങ്ങളാണ് ഇവിടുത്തെ ദിവസ വാടക. ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ ഉണ്ടായിരുന്നപ്പോൾ കുറഞ്ഞ ചിലവിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. കെട്ടിടം നവീകരിച്ച് സാധാരണക്കാർക്ക് എത്രയും വേഗം തുറന്നു നൽകണമെന്ന് ആവശ്യമാണ് വരുന്നത്.
കാട് മൂടികിടക്കുന്ന മേപ്പാടി ഇ.എം.എസ് ഓഡിറ്റോറിയം