ബേപ്പൂർ: വിനോദ സഞ്ചാര കേന്ദ്രമായ മറീന ബീച്ചിൽ പാർക്കിംഗിന് ഇടമില്ലാതെ സഞ്ചാരികൾ. ഇവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനാൽ പുലിമൂട് ഭാഗത്തും ബേപ്പൂർ അങ്ങാടി ജംഗ്ഷനിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അങ്ങാടിയിൽ നിന്നും പുലിമൂട് ഭാഗത്തേക്കുള്ള റോഡിൽ അലക്ഷ്യമായി ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം കാൽനട യാത്രക്കാർക്ക് പോലും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കാർ, ട്രാവലർ എന്നിവയിൽ വരുന്നവരുടെ വാഹനങ്ങൾ ബേപ്പൂർ പൊലീസ് അങ്ങാടിയിൽ നിന്ന് വഴിതിരിച്ച് വിടുന്നുണ്ടെങ്കിലും പാർക്കിംഗിന് സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ വഴിയരികിൽ വാഹനങ്ങൾ നിർത്തേണ്ട അവസ്ഥയാണ്. അധികൃതർ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നാണ് നാട്ടികാരുടെ ആവശ്യം.തുറമുഖം റോഡ് പൂർണമായും കയ്യടക്കിയാണ് പുലിമൂട്ടിലേക്ക് എത്തുന്നവർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇത് ഈ ഭാഗത്തെ കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണത്തിന് മതിയായ പൊലീസുകാരില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് ഒറ്റക്ക് നിയന്ത്രിക്കാൻ പാട് പെടുകയാണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ.
" വിനോദ സഞ്ചാര കേന്ദ്രമായ മറീന ബീച്ചിലേക്ക് വരുന്നവർ പാർക്കിങ്ങിന് ഇടമില്ലാതെ വലയുകയാണ്. ആയതിലേക്ക് അധികൃതരുടെ ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ് "
ശ്രീജിത്ത് കെ.പി
ട്രഷറർ, കേരള വ്യാപാരി
വ്യവസായി ഏകോപന സമിതി