കോഴിക്കോട്: നഗരത്തിന്റെ ചിരകാലസ്വപ്നമായ പുതിയപാലത്തെ വലിയ പാലം നിർമാണത്തിന് ഒച്ചിഴയും വേഗത. മൂന്ന് വർഷം മുൻപ് ആരംഭിച്ച പ്രവൃത്തിയുടെ 35 ശതമാനം മാത്രമാണ് പൂർത്തിയായത്.
2022 ജൂലൈ മൂന്നിനാണ് പാലത്തിന്റെ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഒരു മാസം കൊണ്ട് പണി ആരംഭിച്ച്, ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാതായിരുന്നു വാഗ്ദാനം. എന്നാൽ കാരാറുമായി ബന്ധപ്പെട്ട തർക്കം കാരണം ഒരു വർഷത്തിന് ശേഷമാണ് നിർമാണം ആരംഭിക്കാൻ സാധിച്ചത്.
വിനയായത് ഭൂമി
ഭൂമി വിട്ടുകിട്ടാതായതാണ് പ്രവൃത്തി നീണ്ടുപോകാൻ പ്രധാന കാരണം. നിലവിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയായി. പൈലിംഗ് പ്രവൃത്തിയും പൂർത്തീകരിച്ചു. പാലത്തിന്റെ ഭീം നിർമ്മിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഫെബ്രുവരിയോടെ പൂർത്തികരിക്കാൻ സാധിക്കുമെന്ന് നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിർമ്മാണം ഇങ്ങനെ
1. 59 കോടി ചെലവിൽ നിർമ്മാണം
2. ഇരുചക്രവാഹനങ്ങൾക്ക് മാത്രം പോകാൻ സാധിക്കുന്ന കോൺക്രീറ്റ് പഴയ പാലം പൊളിച്ചുമാറ്റി നിർമ്മാണം
3.195 മീറ്റർ നീളവും 11 മീറ്ററിലേറെ വീതിയും
4.പാലത്തിനു ഇരുവശത്തുമായി അപ്രോച്ച് റോഡുകളും സർവീസ് റോഡുകളും
5.പാലം ബോസ്ട്രിംഗ് ആർച്ച് മാതൃകയിൽ
ദുരിതം പേറി ജനങ്ങൾ
പാലം പണി ആരംഭിച്ചത് മുതൽ ഓവുചാലുകളെല്ലാം ബ്ലോക്ക് ആയതോടെ ചെറിയ മഴയിൽ പോലും പ്രദേശത്ത് വലിയ രീതിയിൽ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. ഇത് പ്രദേശവാസികളെ ആകെ പ്രയാസത്തിലാഴ്ത്തുകയാണ്. സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി കേടുപാട് സംഭവിച്ച റോഡുകളെല്ലാം അതേ സ്ഥിതിയിൽ തുടരുന്നതിനാൽ യാത്രാക്ലേശവും രൂക്ഷം. ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷയടക്കം വിളിച്ചാൽ വരാത്ത സ്ഥിതിയാണ്. നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പുതിയപാലത്തെ വലിയപാലം. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് പാലം പണി ആരംഭിച്ചത്. എന്നാൽ പാലം പണി സമയബന്ധിതമായി പൂർത്തിയാക്കാതെ ജനജീവിതം ദുസഹമാക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.