
കോഴിക്കോട് : പാലക്കാട്ട് പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ നിലനിറുത്താൻ കഴിഞ്ഞില്ലെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തന്റെ പ്രവർത്തനത്തിൽ വീഴ്ചകളുണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം. വി.മുരളീധരൻ പ്രസിഡന്റായ സമയത്ത് പിറവത്ത് 2000 വോട്ടാണ് ബി.ജെ.പിയ്ക്ക് കിട്ടിയത്. അന്ന് അദ്ദേഹത്തോട് രാജി വയ്ക്കാൻ ആരും ആവശ്യപ്പെട്ടില്ലെന്ന് വി.മുരളീധരൻ ഉയർത്തിയ വിമർശനത്തിന് മറുപടിയായി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകി. മലമ്പുഴയിൽ മൂവായിരം വോട്ട് അമ്പതിനായിരമാക്കിയ സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ. പരസ്യ പ്രസ്താവനകൾ എല്ലാം പരിശോധിക്കും. കോൺഗ്രസുമായി ചേർന്ന് പോകണമെന്നാണ് ചില നിരീക്ഷകരും ഓൺലൈൻ മാദ്ധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലർക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.