qqqq
ലോഗോ

കോഴിക്കോട്: കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ഡി.ഡി.ഇ ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി മത്സരാർത്ഥിയുടെ രക്ഷിതാവ്.

മത്സരം വെെകിയതിനാൽ ഒപ്പനയ്ക്കായി ഏഴ് മണിക്കൂറുകളോളമാണ് വിദ്യാർത്ഥിനി മേക്കപ്പ് അണിഞ്ഞ് കാത്തിരുന്നത്. അർധരാത്രി വരെ നീണ്ട ഒപ്പന മത്സരം മൂലം മത്സരാർത്ഥികൾ നേരിടേണ്ടി വന്ന മാനസിക പ്രയാസം ചൂണ്ടികാട്ടി പ്ലസ് വൺ വിദ്യാർഥിനി പാർവ്വതി.പിയുടെ അമ്മ പ്രിയങ്കാ മണി ഡി.ഡി.ഇ ക്കും കലോത്സവം കൺവീനർക്കും കഴിഞ്ഞ ദിവസം പരാതി നൽകി. ഇന്നലെ മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചു.

21ന് ക്രിസ്ത്യൻ കോളേജിലെ പ്രധാന വേദിയിൽ വൈകീട്ട് 4.30നാണ് ഒപ്പന നടത്താൻ നിശ്ചയിച്ചത്. എന്നാൽ മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ബി.ഇ.എം സ്‌കൂളിലെ വേദിയിലേക്ക് മാറ്റിയതായി അറിയിപ്പ് വന്നത്. ബി.ഇ.എമ്മിൽ അഞ്ചിന് പറഞ്ഞ പരിപാടി രാത്രി ഒൻപത് മണിക്കാണ് ആരംഭിച്ചത്. മത്സരം നീണ്ടതോടെ തന്റെ മകളുടെ ടീമിന് രാത്രി രണ്ട് മണിക്കാണ് ഒപ്പന അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും വൈകീട്ട് അഞ്ച് മണി മുതൽ മേക്കപ്പിട്ട് ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന കുട്ടികൾ തളർന്നാണ് വേദിയിൽ കയറിയതെന്നും പരാതിയിൽ പറയുന്നു. ചമയമണിഞ്ഞത് കാരണം കുട്ടികൾക്ക് ഏഴ് മണിക്കൂറോളം ശുചിമുറിയിൽ പോകാനും സാധിച്ചില്ല. ഇതെല്ലാം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതേ വേദിയിലെ അസൗകര്യങ്ങളും മത്സരത്തെ ബാധിച്ചതായും പരാതിയിലുണ്ട്. മത്സരം കഴിഞ്ഞ വിദ്യാർഥികൾ പുലർച്ചെ അഞ്ച് മണിയോടെയാണ് വീട്ടിലേക്കെത്തിയത്. മത്സരാർഥികളെ മാനസികമായും ശാരീരികമായും തളർത്തുന്ന നടപടിയാണ് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പരാതിയിൽ പറയുന്നു. തിരികെ പോകുമ്പോൾ ക്ഷീണിതയായ വിദ്യാർഥിനി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണതായും പരാതിയുണ്ട്. കലോത്സവത്തിൽ മത്സരങ്ങൾ പാതിരാത്രി വരെ നീളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും വരുന്ന കലോത്സവങ്ങളിൽ ഇത്തരം വീഴ്ചയുണ്ടാവാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണമെന്നും പരാതിയിൽ പറയുന്നു.