മേപ്പയ്യൂർ: പുറക്കാമല ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാവുന്നു. ഇതിൻ്റെ ഭാഗമായി ജെമ്യം പാറയ്ക്ക് സമീപം സ്ഥിരം സമര പന്തൽ ഉയർന്നു. സമര പന്തൽ സിനിമാ നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഒരു നാടിനെയാകെ ഇല്ലാതാക്കാനുള്ള മാഫിയ നീക്കം ചെറുത്ത് തോൽപ്പിക്കണമെന്നും കരുവോട് ചിറ കൂടി ഇതിൻ്റെ ഭാഗമായി നശിക്കുമെന്നും ഇത് കൃഷിനാശത്തിനപ്പുറം വലിയ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് പരിമിതിയുണ്ട്. അത് മറികടക്കാൻ ജനകീയ ഇടപെടലിലൂടെ മാത്രമേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ സറീന ഒളോറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, സി.ടി പ്രജീഷ് (സി.പി.എം), അബ്ദുൾ റഹിമാൻ ഇല്ലത്ത് (മുസ്ലീം ലീഗ്), വേണുഗോപാലൻ കോറോത്ത് (കോൺഗ്രസ്), എം.കെ. രാമചന്ദ്രൻ (സി.പി.ഐ ), കെ.ടി വിനോദൻ (ബി.ജെ.പി ), മേലാട്ട് നാരായണൻ (എൻ.സി.പി ), കെ. സിറാജ് (വെൽഫെയർ പാർട്ടി ), എം.കെ. മുരളീധരൻ (ആർ.എം.പി ),ബാലകൃഷ്ണൻ ശാല നിലയം, സമരസമിതി ചെയർമാൻ ഇല്യാസ് മുയിപ്പോത്ത്, കൺവീനർ എം.എം പ്രജീഷ് എന്നിവർ പ്രസംഗിച്ചു.