സുൽത്താൻ ബത്തേരി: നായ്ക്കട്ടിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം. ആളില്ലാത്ത വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണവും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു. നാല് വീടുകളുടെ വാതിൽ കുത്തിതുറന്ന് മോഷണ ശ്രമവും നടന്നു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായ്ക്കട്ടി നെടുംകണ്ടംപുറായിൽ ഉസ്മാൻ, കൊടുന്നോട്ടിൽ കെ.പി. അബു, ആലുംകണ്ടിയിൽ അബൂബക്കർ, എളവന നാസർ, ആയിഷ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ഇതിൽ ഉസ്മാന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. കഴിഞ്ഞ ബുധനാഴ്ച കുടുബവുമായി ഏർവാടിയിൽ പോയതായിരുന്നു ഉസ്മാൻ. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറികളുടെ വാതിൽ തുറന്നു കിടക്കുന്ന നിലയിലാരുന്നു. ഇവിടെയുണ്ടായിരുന്ന മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് നഷ്ടമായത്.
അബുവിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷ്ടാക്കൾ എത്തിയത്. കള്ളൻ കയറിയ വിവരമറിഞ്ഞ കുടുംബം
വാതിലിന്റെ എല്ലാ പൂട്ടുകളും ഇട്ട ശേഷം മട്ടുപാവിലിറങ്ങി അയൽ വാസികളെ വിളിച്ചറിയിച്ചപ്പോഴെക്കും കള്ളൻ കടന്നു കളഞ്ഞു. കള്ളൻ കയറിയ വിവരമറിഞ്ഞ് സമീപത്തെ ആലുങ്കണ്ടിയിൽ അബുബക്കറിന്റെ വീട്ടിൽ നിന്ന് മക്കൾ അബുവിന്റെ വീട്ടിലെത്തി. അൽപ്പ സമയം കഴിഞ്ഞപ്പോൾ വെള്ളം കുടിക്കുന്നതിനായി അടുക്കള ഭാഗത്തേയ്ക്ക് പോയപ്പോഴാണ് അബൂബക്കർ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്ത് നിന്ന് പുറത്തേക്കുള്ള വതിലും തുറന്ന് കിടക്കുന്ന നിലയിലിരുന്നു. ഉടൻ മക്കളെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ മുകൾ നിലയിലെ മകളുടെ കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന നിലയിൽ കണപ്പെട്ടു. അലമാരയിൽ തുണികളല്ലാതെ വിലപിടിച്ച സാധാനങ്ങൾ ഇല്ലായിരുന്നു. അടുത്തിടെയാണ് മകൾ വിദേശത്തേയ്ക്ക് പോയത്. കള്ളൻ രണ്ട് വീടുകളിൽ കയറിയതോടെ മോഷ്ടാക്കളിറങ്ങിയ വിവരം നായ്ക്കട്ടി ജുമാ മസ്ജിദിൽ നിന്ന് മൈക്കിലൂടെ ജനങ്ങളെ വിളിച്ചറിയിച്ചു. ഇതോടെ കള്ളനെ പിടി കൂടുന്നതിനായി ജനങ്ങൾ തെരച്ചിലാരംഭിച്ചു. പ്രദേശത്ത് കള്ളന്മാർ ഇറങ്ങിയ വിവരമറിത്തു കൊണ്ടാണ് എളവന നാസർ രാവിലെ പുറത്തേയ്ക്ക് ഇറങ്ങിയത്. വീടിന്റെ പുറകിൽ എത്തിയപ്പോഴാണ് അടുക്കളയോട് ചേർന്ന ഭാഗത്തെ വാതിലിന്റെ ഗ്രില്ല് ഓടാമ്പലിനോട് ചേർന്ന് തകർത്ത നിലയിൽ കണ്ടത്. കൂടാതെ അകത്തെ വാതിലിനോട് ചേർന്ന ജനൽ കുത്തിപ്പൊളിച്ച് കൊളുത്ത് മുറിച്ച നിലയിലായിരുന്നു. സമീപത്തുള്ള നാസറിന്റെ തറവാട് വീടായ എളവന ആയിഷയുടെ വീട്ടിലും കള്ളൻ കയറിയെങ്കിലും വാതിലിന്റെ പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ അകത്ത് കടക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന്
സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നായ്ക്കട്ടിയിൽ എളവന് നാസറിന്റെ വീടിനു പുറകുവശത്തെ ഗ്രിൽ പൊളിച്ച നിലയിൽ