nougfa
നൗഫൽ പുതുതായി തുടങ്ങിയ ജൂലൈ 30 എന്ന ഹോട്ടൽ ആൻഡ്‌ ബേക്കറിയിൽ

മേപ്പാടി: മുണ്ടക്കൈയിൽ ദുരന്തത്തിൽ സകലതും നഷ്ടപെട്ട നൗഫലിന് അതിജീവനത്തിന്റെ പാതയൊരുക്കി കെ.എൻ.എം.

കുട്ടികളെയും ഭാര്യയുമടക്കം കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട നൗഫലിന് ആശ്രയമാവുകയാണ് ജൂലൈ 30 എന്ന ഈ കട. നാടിനെ നടുക്കിയ ദുരന്തം നടന്ന ജൂലൈ 30 തന്നെയാണ് തന്റെ കടയ്ക്കും പേരായി നൗഫലിട്ടതും.

മഹാദുരന്തം പെയ്തിറങ്ങിയ ജൂലൈ 30ന് രാത്രി പതിവുപോലെ ഗൾഫിലെജോലി സ്ഥലത്തുനിന്നും നൗഫൽ വീട്ടലേക്ക് വിളിച്ചു. കുട്ടികളോട് വീഡയോകോളിലൂടെ സംസാരിച്ചു. ഉപ്പച്ചി നല്ല മഴയാണ്‌പേടിയാകുന്നു എന്നായിരുന്നു കുട്ടികൾ പറഞ്ഞത്. ഒന്നുംപേടക്കേണ്ടെന്ന് ആശ്വസിപ്പിച്ചു. കുടുംബത്തിലെ ഓരോ അംഗങ്ങളോടും മാറിമാറി സംസാരിച്ചു. രാത്രിയിൽ വീണ്ടും ഇടയ്ക്കിടെ വിളിച്ചു. മഴ കുറവുണ്ടോ എന്നതായിരുന്നുചോദ്യം. ഇതിനിടയിലാണ് ടെലിവിഷനിൽ മുണ്ടക്കയിൽ ഉരുൾപൊട്ടിയ വിവരം എഴുതി കാണിക്കുന്നത്. ഇതോടെപേടി ഇരട്ടിച്ചു. വീട്ടിലെ ഫോണുകളലേക്ക് മാറിമാറി വിളിച്ചിട്ടും കിട്ടുന്നില്ല. പിന്നീടാണ് അറിയുന്നത് താൻ ജീവനോളം സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തെന്ന്. എന്തുചെയ്യണമെന്ന് അറിയാതെ തളർന്നുപോയി. തൊട്ടടുത്ത ദിവസം തന്നെ നൗഫൽ നാട്ടലേക്ക് തിരിച്ചു. ജീവിതം തന്നെ നിലച്ചുപോയ അവസ്ഥയായിരുന്നു. മേപ്പാടിയിലെ വാടകവീട്ടിൽ നൗഫൽ ആ പഴയ സുന്ദരകാലം ഓർത്തു കഴിയുകയാണ്. കുട്ടികളുടെ കളി ചിരികളാണ് നൗഫലിന്റെ മനസിൽ അത്രയും. ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോകുന്നത്. അങ്ങനെ കഴിയുമ്പോഴാണ് നൗഫലിനെ സഹായിക്കാൻ കെ.എൻ.എം എത്തുന്നത്. മേപ്പാടി ടൗണിൽ ബേക്കറിയും ഹോട്ടലും ചേർന്ന കട കെ.എൻ.എം ഒരുക്കി നൽകുകയായിരുന്നു.

കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുള്ളകോയ മദനിഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


നൗഫൽ പുതുതായി തുടങ്ങിയ ജൂലൈ 30 എന്ന ഹോട്ടൽ ആൻഡ്‌ ബേക്കറിയിൽ