kalothsavam

കൃത്യമായി സമയം പാലിച്ച് ഒരുകാലത്തും കൗമാര കലോത്സവം അരങ്ങേറിയിട്ടില്ല. അല്ലറ ചില്ലറ പ്രശ്‌നങ്ങളോടെ തുടങ്ങിയാലും അതെല്ലാം മത്സരാർത്ഥികൾക്ക് അമിത ഭാരമാകാറുണ്ടായിരുന്നില്ല. പക്ഷെ കോഴിക്കോട്ടെ റവന്യൂ ജില്ലാ കലോത്സവം ഇത്തവണ അടിമുടി അലങ്കോലായി. മണിക്കൂറുകൾ വൈകി തുടങ്ങിയ മത്സരങ്ങൾ, പാതിരാവരെ ഭക്ഷണവും ഉപേക്ഷിച്ച് മേക്കപ്പിട്ടിരുന്ന കുട്ടികളിലെ പ്രതിഭയെ എങ്ങിനെയാണ് വിധികർത്താക്കൾക്ക് അളക്കാനാവുക..? ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ..?

കലാ സാംസ്കാരിക മേളകൾ മുതൽ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവംവരെ മികച്ച രീതിയിൽ നടത്തിയതിന്റെ പെരുമ കോഴിക്കോടിനുണ്ട്. പക്ഷെ അടുത്തിടെ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടനം അടിമുടി പാളിയെന്ന് തന്നെ പറയേണ്ടി വരും. പരിപാടികൾ കൃത്യസമയത്ത് നടത്താനാവാതെ പലതും പാതിരാ വരെ നീണ്ടു. മണിക്കൂറുകളോളം മേക്കപ്പണിഞ്ഞിരുന്ന കുഞ്ഞുങ്ങൾ വേദികളിൽ ദാഹിച്ചു വലഞ്ഞു. നാടകം നടന്ന വേദികളിൽ നല്ലൊരു മൈക്ക് പോലുമില്ലായിരുന്നു.

ഇത്രയും മോശമായിട്ട് ഒരു കലാമേള തങ്ങളിതുവരെ കണ്ടിട്ടില്ലെന്ന് നഗരത്തിലെ കലാസ്വാദകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ഇന്നലെ മത്സരാർത്ഥിയുടെ രക്ഷിതാവ് ഡി.ഡി.ഇ ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.

യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച ശേഷം കോഴിക്കോട്‌ നഗരം ആതിഥേയത്വം വഹിക്കുന്ന ആദ്യ കൗമാര കലോത്സവമായിരുന്നു ഈ മാസം 19 മുതൽ 23 വരെ നഗരത്തിൽ 20 വേദികളിലായി അരങ്ങേറിയത്. കലയെ സ്‌നേഹിക്കുന്ന നൂറു കണക്കിന് ആളുകൾ പ്രതീക്ഷയോടെയായിരുന്നു കലോത്സവത്തെ കാത്തിരുന്നത്.

ആദ്യം ദിനം തന്നെ വലച്ചിൽ

ആദ്യദിനം തന്നെ പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ആരംഭിച്ചത് തന്നെ ഉച്ചയോടെയാണ്. തുടർന്ന് ഇവിടെ നടത്തേണ്ടിയിരുന്ന പരിപാടികൾ ആരംഭിച്ചതെല്ലാം വളരെ വെെകി. മറ്റെല്ലാ വേദികളിലും പരിപാടികൾ രണ്ടു മണിക്കൂറിലധികം വൈകി. വട്ടപ്പാട്ട് മത്സരം പുലർച്ചെ നാലുവരെ നീണ്ടതോടെ ജഡ്ജസ് ഉറങ്ങിപ്പോവുന്ന അവസ്ഥവരെ ഉണ്ടായി. വേദിയെ ചൊല്ലിയുള്ള കൺഫ്യൂഷനും ആദ്യം ദിനം കല്ലുകടിയായി.

പല വേദികളിലും മൈക്ക് തകരാറും സന്ധ്യയായതോടെ വെളിച്ചക്കുറവും പ്രശ്‌നമായിരുന്നു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി മോണോ ആക്ടിനായി പ്രൊവിഡൻസ് എൽ.പി സ്‌കൂളിൽ നിശ്ചയിച്ചിരുന്ന വേദി നടക്കാവ് ഹയർസെക്കൻഡറിയിലേക്ക് മാറ്റിയത് വിദ്യാർത്ഥികളെ കുഴക്കി. യു.പി വിഭാഗം മത്സരം നടന്നതിന് ശേഷമാണ് സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പെട്ടെന്നുള്ള മാറ്റം. ഇതോടെ രക്ഷിതാക്കളും കുട്ടികളും വേദിതേടി ഓട്ടമായി. അച്യുതൻ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം കേരളനടനം രണ്ട് മണിക്കൂറോളം വൈകി. രാവിലെ 9ന് മുമ്പേ മേയ്ക്കപ്പിട്ട കുട്ടികൾ മൂന്നുമണി കഴിഞ്ഞിട്ടും സ്റ്റേജിൽ കയറാനാകാതെ തളർന്നു. പിറ്റേന്നും ഉച്ചയായിട്ടും പല വേദികളിലും പരിപാടികൾ ആരംഭിച്ചില്ല. സംസ്ഥാന കലോത്സവം കോഴിക്കോട്ട് നടത്തിയപ്പോൾപോലും സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു.

ഇതെന്ത് സംഘാടനം

കൃത്യമായി ആസൂത്രണമില്ലാതെ തയാറാക്കിയ ഷെഡ്യൂളും പരിപാടിയിലെ അടിയ്ക്കടിയുണ്ടായ മാറ്റങ്ങളും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ചില്ലറയൊന്നുമല്ല വലച്ചത്. മേക്കപ്പണിഞ്ഞ് മണിക്കൂറുകളോളം കാത്തിരിക്കുകയും അതിനൊപ്പം വേദി തേടി ഓടേണ്ട സ്ഥിതിയിലുമായിരുന്നു. അന്തിമ ഷെഡ്യൂൾ മാദ്ധ്യമപ്രവർത്തകർക്കടക്കം നൽകിയിരുന്നില്ല. ചടങ്ങുപോലെയാണ് മത്സരങ്ങൾ പലതും നടത്തിയത്. ഒരു വേദിയിൽ ഗോത്രകലാ രൂപവും തൊട്ടുചേർന്നുള്ള വേദിയിൽ നാടൻപാട്ട് മത്സരവും നടത്തിയത് സംഘാടനത്തിലെ പാളിച്ചയ്ക്ക് ഉദാഹരണമാണ്. ഇത് രണ്ടു വേദിയിലേയും മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും മത്സരത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. വേദികളുടെയും സമയത്തിന്റെയും ക്രമീകരണത്തിലൂടെ പ്രശ്‌നം പരിഹരിക്കാൻ സംഘാടകർക്കു കഴിയുമെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല മാദ്ധ്യമപ്രവർത്തകർക്കായുള്ള മീഡിയ സെന്റർ പോലും നല്ലരീതിയിൽ ക്രമീകരിക്കാൻ സംഘാടകർക്കായില്ല. മലബാർ ക്രിസ്ത്യൻ കോളജ് സ്‌കൂൾ ഗ്രൗണ്ടിൽ പ്രധാന വേദിയിൽ നിന്ന് അകലെയായി സ്‌കൂളിന്റെ രണ്ടാമത്തെ നിലയിലാണ് മുറി ക്രമീകരിച്ചത്.പെട്ടന്നാരും ശ്രദ്ധിക്കാത്ത ഇടത്ത് ആയതിനാൽ വിജയികളിൽ ഭൂരിഭാഗവും മീഡിയാ റൂമിൽ എത്തിയില്ല. റൂമിലെ വെളിച്ചക്കുറവ് കാരണം ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കാനും പ്രയാസപ്പെട്ടു. പല വേദികളിലും ശബ്ദക്രമീകരണം പോലും ശരിയായി ക്രമീകരിച്ചിരുന്നില്ല. ഇത് മത്സരാർത്ഥികളുടെ പ്രകടനത്തെ ബാധിച്ചു. വേണ്ടത്ര വലിപ്പമില്ലാത്ത വേദികളിൽ ഗ്രൂപ്പ് വിഭാഗം നൃത്തങ്ങൾ ഷെഡ്യൂൾ ചെയ്തത് ആക്ഷേപത്തിന് ഇടയാക്കി. ജഡ്ജസിനെക്കുറിച്ചും വ്യാപക പരാതിയാണ് ഉയർന്നത്. അർഹതയില്ലാത്ത ടീമുകൾക്ക് ഒന്നാം സ്ഥാനംനൽകിയെന്നും മാർക്കിടുന്നതിൽ അട്ടിമറി നടത്തിയെന്നും ആരോപിച്ച് രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെന്റും രംഗത്തെത്തി. പൂരക്കളി, നാടോടിനൃത്തം , ഭരതനാട്യം വേദിയിൽ കുട്ടികളും രക്ഷിതാക്കളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. പണം വാങ്ങി കഴിവുള്ള കുട്ടികളെ തഴയുന്നതായി ആരോപണമുണ്ട്.

നൃത്തത്തിന്

ആൺകുട്ടികളില്ല

കൗമാരകലോത്സവങ്ങളിൽ നൃത്തകലയിൽ നിന്നും ആൺകുട്ടികൾ അപ്രത്യക്ഷമാകുന്നു. ജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി കുച്ചുപ്പിടി മത്സരങ്ങൾക്ക് പങ്കെടുത്തത് ഓരോ കുട്ടികൾ മാത്രം. രണ്ടുപേരും സ്റ്റേറ്റിലേക്ക് സെലക്ഷനായെങ്കിലും മത്സരത്തിൽ ആൺകുട്ടികലുടെ കുറവുണ്ടാകുന്നത് നൃത്തകലയെ ഞെട്ടിക്കുന്നതാമെന്ന് വിധികർത്താക്കൾ. ഇതേ ഇനത്തിൽ അപ്പീൽ വഴിയടക്കം പെൺകുട്ടികളുടെ മത്സരത്തിൽ ഇരുപതോളം പേർ മത്സരിച്ചപ്പോഴാണ് ഒരാൾ മാത്രമുള്ള ആൺകുട്ടികളുടെ കുച്ചിപ്പിടി നടന്നത്. ഭരതനാട്യത്തിലും കേരളനടനത്തിലും നാടോടി നൃത്തത്തിലുമെല്ലാം ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനതലത്തിലും പല ജില്ലകൾക്കും നൃത്തയിനങ്ങളിൽ ആൺകുട്ടികളെ മത്സരത്തിനെത്തിക്കാനായിട്ടില്ല. കലോത്സവ തുടക്കകാലത്ത് മോഹിനാട്ടത്തിലും ആൺകുട്ടികൾക്ക് മത്സരമുണ്ടായിരുന്നു. എന്നാൽ കുട്ടികൾ കുറഞ്ഞുവന്നതോടെ മോഹിനിയാട്ടം പിന്നീട് പെൺകുട്ടികൾക്ക് മാത്രമായി. അതേ അവസ്ഥ മറ്റ് ഇനങ്ങൾക്കും വരുമെന്നാണ് നൃത്താധ്യാപകരും വിധികർത്താക്കളും പങ്കുവെക്കുന്നത്. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളിലെ കലോത്സവ വേദികളിലും ഇത് തന്നെയാണ് അവസ്ഥ.

ആൺകുട്ടികൾ നൃത്തകലയിൽ നിന്ന് അകന്നു നിൽക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഒന്നും രണ്ടുമക്കളുള്ള കാലത്ത് ആകെയുള്ള ആൺകുട്ടികളെ നൃത്തം പഠിപ്പിക്കാൻ ഇന്ന് മാതാപിതാക്കൾ മുതിരാറില്ലെന്നതാണ് സത്യം. പല തെറ്റായ പ്രചരണങ്ങളും ആൺകുട്ടികളെ നൃത്തത്തിൽ നിന്നകറ്റി നിറുത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. ഒരു കാലത്ത് കലോത്സവവേദിയിൽ മോഹിനിയാട്ടത്തിലും ആൺകുട്ടികളുണ്ടായിരുന്നു. പതിയെ കുട്ടികൾകുറഞ്ഞപ്പോഴാണ് മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമായത്. കലോത്സവ വേദികളിൽ കുച്ചുപ്പിടിയിലും ഭരതനാട്യത്തിലുമെല്ലാം ആൺകുട്ടികളുടെ കുറവുണ്ടായാൽ അവിടേയും നൃത്തകലയിൽ പെൺകുട്ടികൾ മാത്രമാവും. അതിന് ശരിയായ ബോധവത്കരണം സ്‌കൂൾ തലംമുതൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം സമൂഹത്തിലും വളരണം.