jamaat-islami

കോഴിക്കോട്: തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം തേടിയിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലജല ഭ്രമം സംഭവിച്ചിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്‌റഹ്മാൻ.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്.ഒരു ഘട്ടത്തിലും മുന്നണികൾക്കോ വ്യക്തികൾക്കോ പിന്തുണ പതിച്ചു നൽകിയിട്ടില്ല. അത്തരം സന്ദർഭങ്ങളിലെ ചർച്ചകളിലും ധാരണകളിലും പലപ്പോഴായി സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുള്ള പാർട്ടി ഭാരവാഹിയായിരുന്നു പിണറായി വിജയൻ. പിന്തുണയെക്കുറിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതിന്റെ തെളിവുകളുണ്ട്. സഭാരേഖകളും തെളിവുകളായുണ്ട്. തന്റെ പൂർവകാലത്തെ പ്രസ്താവനകൾ റദ്ദു ചെയ്യാമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ സ്വയം പരിഹാസ്യനാവുകയാണ്. 1996, 2004 , 2006 ,2009 ,

2011 , 2016 നിയമസഭ,ലോക്സഭ തിരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ 2019ൽ കോൺഗ്രസിനെയാണ് പിന്തുണച്ചത്. ജമാഅത്തെ ഇസ്ലാമി ഭീകര പ്രസ്ഥാനമാകുന്നത് 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പി.മുജീബ് റഹ്മാൻ പറഞ്ഞു.