
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ റദ്ദാക്കിയ ഹെെക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം. ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കും. തന്റെ മകൾ നേരിട്ടത് ക്രൂരമായ മർദ്ദനമാണെന്നും കേസിൽ നിന്ന് പിന്നോട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. മകൾ രാഹുലിനൊപ്പം ജീവിക്കാൻ തയ്യാറല്ല. ആംബുലൻസിൽ സ്ട്രച്ചറിൽ കിടക്കുമ്പോൾ രോഗിയാണെന്ന പരിഗണന നൽകാതെയാണ് അവൻ മർദ്ദിച്ചത്. ലഹരിക്ക് അടിമപ്പെട്ട രാഹുൽ മനോനില തെറ്റിയ ആളെപ്പോലെയാണ് പെരുമാറുന്നത്.
അതേസമയം, രാഹുലിനൊപ്പം താമസിക്കാൻ തയ്യാറല്ലെന്ന് പെൺകുട്ടിയും പൊലീസിൽ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം യുവതി നിലവിൽ എറണാകുളത്തെ വീട്ടിലാണ്. പൊലീസ് കേസിന്റെ നിയമവശങ്ങൾ തേടിയശേഷം കസ്റ്രഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് എസ്.ഐ സുഭാഷ് വ്യക്തമാക്കി. ഇരുവരുടേയും തർക്കത്തിന് കാരണമെന്ത്, രാഹുലിന്റെ ലഹരി ഉപയോഗം തുടങ്ങിയവയും പൊലീസ് അന്വേഷിക്കും. പരാതിക്കാരിയെ മീൻകറിയിൽ ഉപ്പും പുളിയും ഇല്ലെന്നാരോപിച്ച് ഭർത്താവ് രാഹുൽ പി. ഗോപാലൻ കഴിഞ്ഞ ദിവസമാണ് ക്രൂരമായി മർദ്ദിച്ചത്. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയ്ക്കാണ് (26) മർദ്ദനമേറ്റത്. സംഭവത്തെത്തുടർന്ന് പന്തീരാങ്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.