
രാഷ്ട്രീയമായി വേട്ടയാടി നശിപ്പിക്കാമെന്ന് കരുതി തുനിഞ്ഞിറങ്ങിയതാണ് പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും സർക്കാരും. കുടുംബത്തെ അടക്കം വേട്ടയാടി. സമൂഹത്തിന് മുന്നിൽ കള്ളനാക്കി. വ്യക്തിപരമായി അനുഭവിച്ച വേദന വലുതാണ്. പ്ലസ്ടു ബാച്ച് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ സുപ്രീംകോടതി ക്ലീൻ ഇമേജ് നൽകിയ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കേരളകൗമുദിയോട് സംസാരിക്കുന്നു.
എന്താണ് ഷാജിയോട് സി.പി.എമ്മിന് ഇത്ര വിരോധം?
വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ ഞാൻ സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. അതിനായി അവർ കണ്ടെത്തിയതാണ് ഈ കേസ്. കണ്ണൂരിൽ സി.പി.എമ്മിന്റെ കോട്ടകുലുക്കി അഴീക്കോട്ട് രണ്ടു തവണ ജയിച്ചതോടെയാണ് പക പാരമ്യത്തിലായത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മാഫിയാബന്ധം തുറന്നെതിർത്തതോടെയാണ് വിദ്വേഷം ആളിക്കത്തിയത്. രാഷ്ട്രീയ പകയോടെ വേട്ടയാടിയതിന് സി.പി.എം മാപ്പ് പറയണം.
കുടുംബത്തെപ്പോലും വേട്ടയാടി?
എന്ത് തെറ്റാണ് എന്റെ കുടുംബം ചെയ്തത്. പിണറായി സർക്കാരിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇ.ഡിയും കൈകോർത്താണ് വേട്ടയാടിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കള്ളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാൻ ശ്രമിച്ചു. ദിവസങ്ങളോളം വീട്ടിൽകയറി റെയ്ഡ് നടത്തി. ഒടുക്കം എല്ലാ പൊളിഞ്ഞു.
പരാതിക്കാരൻ സി.പി.എം പ്രാദേശിക നേതാവായിരുന്നു?
കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പത്മനാഭനാണ് പരാതിക്കാരനെങ്കിലും പിന്നിൽ പിണറായിയായിരുന്നു. 2014ൽ കണ്ണൂരിലെ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ താൻ 25ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്. പക്ഷേ യാതൊരു തെളിവും പരാതിക്കാരനോ സർക്കാരിനോ ഹാജരാക്കാനായില്ല. നിയമോപദേശം പോലും മറികടന്ന് 2020ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്. എന്നാൽ 2022 ജൂൺ 19ന് കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് പിണറായി സർക്കാരും പിന്നാലെ ഇ.ഡിയും സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഷാജി കോഴപ്പണം ചോദിച്ചെന്ന ഒരു മൊഴിയെങ്കിലും കാണിച്ചുതരുമോയെന്ന സുപ്രീംകോടതി ജഡ്ജിമാരുടെ ചോദ്യത്തിന് മുമ്പിൽ സർക്കാർ മുഖംകുത്തി വീണു.
ഷാജിക്കെതിരെ മോദി-പിണറായി സർക്കാരുകൾ കൈകോർത്തു?
ഇ.ഡിക്കായി സുപ്രീംകോടതിയിൽ ഹാജരായത് അഡിഷണൽ സൊളിസിറ്റർ ജനറൽ രാജുവാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കേന്ദ്രത്തിനായി സുപ്രീംകോടതിയിലെത്തിയ അതേ വ്യക്തി. പക്ഷേ,ഇന്ത്യൻ ഭരണഘടനയും കോടതികളും ഇപ്പോഴും പ്രതീക്ഷയുടെ വിളക്കുമാടമാണ്. നീതി ലഭിക്കുമെന്ന് ഉറപ്പായിരുന്നു.