തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം
മാനന്തവാടി: സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ 15 വിദ്യാർത്ഥികൾ ഉൾപ്പെടെ 18 പേർക്ക് പരിക്ക്. വരയാൽ കാപ്പാട്ടുമലയിൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വരയാൽ എസ്.എൻ.എം എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട കവുങ്ങിൻ തോട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഡ്രൈവർ അബ്ദുല്ല (76), ബസിലെ ജീവനക്കാരായ ശാന്തി ( 32), നസീമ (47), കുട്ടികളായ അനശ്വര ( 6), അയന (7), അഭിജിത്ത് (8), സഞ്ജു (8), സൗമ്യ (7), അഭിനന്തിക (8), നന്ദന (10), എഡ്വിൻ (7), അക്ഷയ (8), ജോമെറ്റ് (8) തുടങ്ങിയ കുട്ടികൾക്കാണ് പരിക്കേറ്റത്. തലപ്പുഴ 43 ൽ 9 സ്ത്രീകൾ അപകടത്തിൽപ്പെട്ട ജീപ്പ് അപകടം നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത ട്രാൻസ്‌ഫോർമറിൽ ഇടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ട്രാൻസ്‌ഫോർമറുമായി തൊട്ടുരുമ്മിയാണ് ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് നീങ്ങിയത്. റോഡിൽ നിന്നും അഞ്ചു മീറ്റർ അകലേക്ക് നിരങ്ങിയ ബസ് കമുകിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബസിന്റെ യന്ത്ര തകരാറാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകട സമയം ബസ് അമിത വേഗതയിൽ ആയിരുന്നില്ല എന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടം മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷിക്കും.
വഴി മാറിയ ദുരന്തം: സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തിന് തൊട്ടടുത്ത ട്രാൻസ്‌ഫോർമർ '
വരയാൽ കാപ്പാട്ടുമലയിൽ അപകടത്തിൽപ്പെട്ട സ്‌കൂൾ ബസ്