riyas
കോഴിക്കോട് ബൈപ്പാസിൽ നിർമാണ പ്രവൃത്തി പൂർത്തീകരിച്ച പാലാഴി റോഡ് ജംഗ്ഷനിലെ മേൽപ്പാലം പൊതുമരാമത്ത് മന്ത്രി പി. എ .മുഹമ്മദ്‌ റിയാസ് ന്ദർശിച്ചപ്പോൾ

@ രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വിഷുക്കൈനീട്ടം

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ പാലാഴി റോഡ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ മേൽപ്പാലം ക്രിസ്മസിന് മുമ്പായി നാടിനു സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേൽപ്പാലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേശീയപാത 66ലെ പ്രധാന റീച്ചായ രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലമാണ് പന്തീരാങ്കാവ് ഭാഗം.
മാൾ, സൈബർ പാർക്ക് എന്നിവ ഉള്ളതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കിലോമീറ്ററുകൾ നീളുന്ന ഗതാഗത സ്തംഭനം നിത്യകാഴ്ചയായിരുന്നു. ഇതിന് പരിഹാരമായാണ് ബൈപ്പാസിൽ ഏറ്റവും നീളംകൂടിയ പാലം. 690 മീറ്റർ നീളമുള്ള പാലം ക്രിസ്മസിന് മുമ്പ് തുറന്നുകൊടുക്കും. ഇരുവശത്തുമായി രണ്ടു മേൽപ്പാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്.

മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കാനും പ്രവൃത്തി സമയത്തിന് പൂർത്തിയാക്കാനും എല്ലാവരും ഒറ്റകെട്ടായി നിന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ, ജില്ലാ ഭരണകൂടം, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരികൾ, നാട്ടുകാർ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പൂർണമായും സഹകരിച്ചു.
ഏറ്റെടുക്കാൻ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയിൽ വൻ വില കൊടുത്താണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 415 കോടിയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്.

രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് വിഷു സമ്മാനമായി നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.