umar-faizy

കോഴിക്കോട്:മുസ്ലീം ലീഗ് അദ്ധ്യക്ഷനായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമർഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ലീഗ് അനുകൂലികളായ സമസ്ത ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ പിന്തുണയ്‌ക്കുന്ന പ്രമേയവും അംഗീകരിച്ചു.

സമസ്ത-ലീഗ് പോര് കടുക്കുന്നതിനിടെയാണ് ലീഗിന്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത സമസ്ത വിമതവിഭാഗം യോഗം ചേർന്നത്. സമസ്തയിൽ നിരവധി ലീഗ് നേതാക്കളുണ്ടെന്നും അവർ യോഗം വിളിക്കുന്നത് രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ലീഗിന് തടയാനാവില്ലെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.
പാണക്കാട് തങ്ങളെ എതിർത്ത ഉമർഫൈസിയെ സമസ്തയുടെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് മാറ്റണം, സംഘടനയ്ക്ക് മുസ്ല്‌ലീം സമുദായത്തിലുണ്ടായ പേരുദേഷം മാറ്റണം തുടങ്ങിയവയായിരുന്നു യോഗത്തിലെ ആവശ്യങ്ങൾ. ഉമർഫൈസിയെ സമസ്തയുമായി ബന്ധപ്പെട്ട എല്ലാമേഖലയിൽ നിന്നും മാറ്റിയില്ലെങ്കിൽ കർശന നടപടികളുണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി.മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാന്തര സമ്മേളനം. ലീഗ് പ്രവർത്തകരും പങ്കെടുത്തു. ഉമർഫൈസിയേയും സമസ്തയിലെ വിദ്യാർത്ഥി യുവജന നേതാക്കളേയും നിശിതമായി വിമർശിച്ചു.

സമസ്ത മുഖപത്രം സുപ്രഭാതം നയവും ലക്ഷ്യവും ലംഘിച്ച് പ്രവർത്തിക്കുന്നത് തടയുക, തർക്കം ഒഴിവാക്കി ലീഗുമായി സഹകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലകൾതോറുംസമാന്തര സമ്മേളനം നടത്താനും തീരുമാനിച്ചു. തങ്ങൾക്കെതിരായി ഉമർഫൈസി മുക്കം നടത്തിയ പ്രസ്താവനയെത്തുടർന്ന് സമസ്തയിൽ മാസങ്ങളായി തുടരുന്ന ഭിന്നതയാണ് സമ്മേളനത്തിലൂടെ പുറത്തുവരുന്നത്.