1
ഇടുക്കി വഞ്ചിവയൽ ഗോത്രവർഗ ഊരിലെ കർഷകർ കുരുമുളക് നൂതന കൃഷി രീതികളെക്കുറിച്ചറിയാൻ കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ.ഐ.എസ്.ആർ) പരിശീലനത്തിനെത്തിയപ്പോൾ

കോഴിക്കോട്: കാടിറങ്ങി നാട്ടിലെത്തിയ അവർ കുരുമുളക് കൃഷിയെക്കുറിച്ച് കൂടുതൽ അറിഞ്ഞതിനുശേഷം കടലും കണ്ട് മനസ് നിറഞ്ഞ് മടങ്ങി. സംസ്ഥാനത്തെ മികച്ച ജൈവ ഊരിനുള്ള സ്ഥാനം ലഭിച്ച ഇടുക്കി വഞ്ചിവയൽ ഗോത്രവർഗ ഊരിലെ 20 പേരാണ് കുരുമുളക് നൂതന കൃഷി രീതികളെക്കുറിച്ചറിയാൻ കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ.ഐ.എസ്.ആർ) മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയത്. തനത് രീതിയിൽ കുരുമുളക് കൃഷി ചെയ്യുന്ന ഇവർ ആദ്യമായാണ് ഇത്തരത്തിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. കൃഷിയിടത്തിൽ അവലംബിക്കേണ്ട രോഗപ്രധിരോധമാർഗങ്ങളെക്കുറിച്ചും കൂടുതൽ വിളവൈവിദ്ധ്യങ്ങൾ പരിചയപ്പെടുകയും ചെയ്തു.

സ്‌പൈസസ് ബോർഡിന്റെ ധനസഹായത്തോടെ, കേരള വനംവകുപ്പിന്റെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകരുടെ കാർഷികനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. കൃഷിയും, വനവിഭവങ്ങളുമാണ് ഇവരുടെ വരുമാന മാർഗം. കുരുമുളക് , കാപ്പി, ഇഞ്ചി, ഏലം, കൃഷി ഉണ്ടെങ്കിലും പ്രധാനം കുരുമുളകാണ്. ചാണകവും, പച്ചിലയും മാത്രമാണ് കൃഷിയ്ക്കു വളം. സ്വന്തം ഉത്പ്പന്നങ്ങൾക്ക് കഴിഞ്ഞ ഇരുപതു വർഷമായി ജൈവ സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ വനംവകുപ്പിന് കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് ഷോപ്പ് മുഖാന്തരം വർഷം ഇരുപത് ടണ്ണോളം കുരുമുളക് ഇവർ വിൽപ്പന ചെയ്യുന്നുണ്ട്. ശാസ്ത്രീയരീതികൾ അവലംബിച്ച് ഉത്പ്പാദനത്തോതുയർത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകർ. ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ആർ ദിനേശ് സർട്ടിഫിക്കറ്റുകൾ കൈമാറി. ഐ.ഐ.എസ്.ആർ ശാസ്ത്രജ്ഞരായ ഡോ. പി. രാജീവ്, ഡോ. ലിജോ തോമസ്, ഡോ. സജേഷ് വി. കെ, സ്‌പൈസസ് ബോർഡ് അസി. ഡയറക്ടർ അനിൽകുമാർ, വഞ്ചിവയൽ ഫോറസ്റ്റ് ഡിവിഷനിലെ ബീറ്റ് ഫോറസ്ററ് ഓഫീസർ ജോഷി ഡേവിസ് എന്നിവർ പ്രസംഗിച്ചു. കോഴിക്കോടും അതിലുപരി ആദ്യമായി കടലും കണ്ടതിന്റെ സന്തോഷവും പേറിയാണ് സംഘങ്ങളുടെ മടക്കയാത്ര.