
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം.പിയും ഇന്ന് മണ്ഡലത്തിലെത്തും. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇതാദ്യമായാണ് പ്രിയങ്ക കേരളത്തിലെത്തുന്നത്. ഇന്ന് രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിലും തുടർന്ന് 2.15ന് കരുളായി,3.30ന് വണ്ടൂർ,4.30ന് എടവണ്ണ എന്നിവിടങ്ങളിൽ ചേരുന്ന സമ്മേളനങ്ങളിലും പങ്കെടുക്കും. നാളെ വയനാട്ടിലെത്തുന്ന പ്രിയങ്ക 10.30ന് മാനന്തവാടിയിലും 12.15ന് സുൽത്താൻ ബത്തേരിയിലും,1.30ന് കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് തിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ അറിയിച്ചു.