കോഴിക്കോട്: നിറഞ്ഞ സദസിൽ പാട്ട് മധുരവുമായി കേരളകൗമുദി-കൗമുദി ടി.വി വാർഷിക രാവ്. കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിൽ വൈകീട്ട് ആറിന് തുടങ്ങിയ കേരളകൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികവും കൗമുദി ടിവിയുടെ 11ാം വാർഷികവും ആസ്വാദക ഹൃദയം കീഴടക്കി. വോയ്‌സ് ഓഫ് കാലിക്കറ്റ് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ പ്രശസ്ത പിന്നണഗായകൻ സുനിൽകുമാറാണ് മെഹ്ഫിൽ നയിച്ചത്. കോഴിക്കോടിന്റെ പ്രിയ സംഗീതജ്ഞൻ എം.എസ് ബാബുരാജിന്റെ സുറുമയെഴുതിയ മിഴികളേ എന്നപാട്ടുമായിട്ടാണ് സുനിൽ തുടങ്ങിയത്. തുടർന്ന് ദേവതാരു പൂത്തൂ, കല്ലായി കടവത്ത്, ശ്യാമ മേഘമേ തുടങ്ങിയ പാട്ടുകളിലൂടെ സുനിൽകുമാറും സംഘവും ആസ്വാദകരുടെ മനം കവർന്നു. സുനിലിനൊപ്പം കെ.ആതിര കെ. കൃഷ്ണനും സാലിഷ് ശാമുമെല്ലാം പാട്ടിന്റെ പാലാഴി തീർത്തു.
നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.മേയർ ഡോ.ബീന. ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അജിത്ത് പാലട്ട് (ഫൗണ്ടർ ആന്റ് മാനേജിംഗ് ഡയറക്ടർ യു.ജി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ.കെ.കെ.ഗോപിനാഥൻ (ചെയർമാൻ എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്), എം.പി.രമേഷ് (മാനേജിംഗ് ഡയറക്ടർ കൊച്ചിൻ ബേക്കേഴ്‌സ് കാലിക്കറ്റ്), രാകേഷ് രവീന്ദ്രൻ (ചെയർമാൻ ആന്റ് മാനേജിംഗ് ഡയരക്ടർ സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ സ്പീക്കർ കൈമാറി. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സ്പൂക്കർക്കും വിശിഷ്ടാതിഥികൾക്കുമുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. രജീഷ്.കെ.വി (കൗമുദി ടി.വി.ഹെഡ് നോർത്ത് റീജിയൻ) സ്വാഗതവും കോഴിക്കോട് ബ്യൂറോ ചീഫ് കെ.പി.സജീവൻ നന്ദിയും പറഞ്ഞു.