കൊയിലാണ്ടി: നാട്ടുകാർക്കും നഗരത്തിലെത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കാൻ ചരിത്ര മ്യൂസിയവുമായി സ്നേഹാരാമമൊരുങ്ങി. കൊയിലാണ്ടിയുടെ ചരിത്ര സാംസ്‌കാരിക പൈതൃകം സൂചിപ്പിക്കുന്ന ചുവർശിൽപങ്ങളാണ് ഇവിടെയുള്ളത്. വാസ്കോഡഗാമ, ചേമഞ്ചേരി സ്വാതന്ത്രസമര സ്മാരകം പാറപ്പള്ളി, പിഷാരികാവ് ക്ഷേത്രം, പുരാതനമായ കോതമംഗം മേലേപ്പാത്തെ ചന്ത, ചകിരി തല്ലൽ, വ്യാപാര പൈതൃകമായ ഹുക്ക ഉൾപ്പെടെ കൊയിലാണ്ടിയുമായി ബന്ധപ്പെട്ട ചരിത്രങ്ങളെല്ലാം ചുവർശിൽപ്പത്തിലുണ്ട്. ബിജു കലാലയമാണ് ശിൽപമൊരുക്കിയത്. സ്നേഹാരാമത്തിൽ എഫ്.എം, ഫ്രീ വൈഫൈ, മൊബൈൽ ചാർജിങ് പോയിൻ്റ്, ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് സ്നേഹാരാമത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷയാകും.
കൊയിലാണ്ടി നഗരസഭയിൽ വിവിധ സ്ഥലങ്ങളിലായി പൊതു ഇടങ്ങളിൽ പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിച്ച് സൗന്ദര്യവത്ക്കുന്നതിന് നഗരസഭ നേതൃത്വം നൽകുകയാണ്. 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്കാണ് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങിയിട്ടുള്ളത്.