
കോട്ടയം : ആറുവയസുകാരി സർഗയെ അത്ഭുതക്കുഞ്ഞെന്ന് കൂടി വിളിക്കാം. ഇതിനോടകം പ്രസിദ്ധീകരിച്ചത് കവിതകളടങ്ങിയ രണ്ട് കൈയെഴുത്തു പ്രതികൾ. ഉടനെ പ്രസിദ്ധീകരിക്കാൻ പണിപ്പുരയിൽ ഇംഗ്ളീഷിലും മലയാളത്തിലുമായുള്ള കഥാസമാഹരങ്ങളും കവിതകളും. പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് സ്വിച്ചിട്ടപോലുള്ള മറുപടി.
കേരള - കേന്ദ്ര ആദ്യമന്ത്രി സഭ മുതൽ ഇതുവരെയുള്ള മന്ത്രിമാരുടെ പേരുകളും വകുപ്പുകളും, മുഴുവൻ നദികളുടെ പേര്, ഏഷ്യൻ രാജ്യങ്ങൾ...അങ്ങനെ ചോദ്യങ്ങൾക്ക് ഉത്തരം റെഡി. കഴിഞ്ഞ ദിവസം സ്കൂളിലെ ചടങ്ങിലെത്തിയ മന്ത്രി ശിവൻകുട്ടിയെയും സർഗ ഞെട്ടിച്ചിരുന്നു. ചിത്രം മന്ത്രി ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തത് വലിയ അംഗീകാരമായി. കറുകച്ചാൽ തട്ടാരടിയിൽ ബിജോയ് - സംഗീത ദമ്പതികളുടെ മകൾ സർഗ മൂന്നര വയസുമുതൽ അതിശയിപ്പിച്ചു തുടങ്ങി. അക്ഷരം എഴുതാനും വായിക്കാനും അതിവേഗം പഠിച്ചു. പ്രത്യേകത കണ്ട് മാതാപിതാക്കൾ ഓരോ ചോദ്യവും ഉത്തരവും ഭിത്തിയിൽ എഴുതി ഒട്ടിച്ചു വച്ചു. ഒറ്റവായനയിൽ മനസിൽ കയറി.
പറന്നുയരണം, പൈലറ്റായി
കറുകച്ചാൽ ഗവ.എൽ.പി സ്കൂളിലെ യു.കെ.ജി പഠന കാലത്താണ് 'എന്റെ കുഞ്ഞിക്കവിതകൾ' എന്ന കൈയെഴുത്ത് പ്രതി പുസ്തകമാക്കിയത്. മഴവില്ലും പൂമ്പാറ്റയും ആനയും പാവാടയും കിളികളുമൊക്കെയാണ് വിഷയം. പിന്നാലെ ഡയറിക്കുറുപ്പുകളും പുസ്തക രൂപത്തിലാക്കി. പ്രതിഭ തിരിച്ചറിഞ്ഞ ചങ്ങനാശേരി ഗുഡ്ഷെപ്പേർഡ് പബ്ളിക് സ്കൂൾ സർഗയെ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സ്കൂളിലെ റൈസിംഗ് സ്റ്റാർ പദ്ധതി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ അഭിനന്ദനം. പെയിന്റിംഗ് തൊഴിലാളിയായ ബിജോയ് പരിമിതികൾക്കിടയിലും മകളുടെ സ്വപ്നത്തിന് ഒപ്പമുണ്ട്. ആകാശമെന്നും കൊതിപ്പിക്കുന്ന സർഗയ്ക്ക് പൈലറ്റാകണമെന്നാണ് ആഗ്രഹം.