west

കോട്ടയം : ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷൻ. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് നിരവധി കേസുകൾ. പക്ഷേ, ജനങ്ങൾക്ക് എത്തിപ്പെടാനാണ് പ്രയാസം. നഗരത്തിരക്കുകളിൽ നിന്ന് മാറി ഒഴിഞ്ഞ കോണിലാണ് വെസ്റ്റ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. 20 വർഷം മുൻപ് വരെ നഗരത്തിന്റെ ഹൃദയഭാഗമായ തിരുനക്കരയിലായിരുന്നു സ്റ്റേഷൻ. പിന്നീട് കോടിമത ബോട്ട്‌ജെട്ടിയ്ക്ക് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മീറ്ററുകൾ മാറിയാൽ ചിങ്ങവനം സ്റ്റേഷൻ പരിധിയാകും. കോട്ടയം താലൂക്കിലെ ആദ്യ പൊലീസ് സ്റ്റേഷൻ കൂടിയാണിത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടെങ്കിലും നഗരത്തിൽ പ്രധാന പരിപാടികളും സംഭവങ്ങളും നടക്കുന്നതിനാൽ അധിക ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണ്. കോടിമത പാലം, നാഗമ്പടം, താഴത്തങ്ങാടി, അയ്മനം, പരിപ്പ്, പതിനഞ്ചിൽ കടവ്, ഇല്ലിക്കൽ പാലം ഭാഗം എന്നിവിടങ്ങളാണ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ.

കട്ടപ്പുറത്താകാറായ വാഹനങ്ങൾ
ഏഴ് വർഷം പഴക്കമുള്ള മൂന്ന് ജീപ്പുകളാണ് സ്റ്റേഷനിലുള്ളത്. ഇവ മൂന്നരലക്ഷം കിലോമീറ്റർ പിന്നിട്ടു. സ്റ്റേഷൻ എസ്.എച്ച്.ഒയുടെ വാഹനം മാത്രമാണ് പുതിയത്. പുതിയ വാഹനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയായില്ല.

വിവിധ കേസുകളിൽ പിടിച്ചെടുത്ത 33 ഓളം വാഹനങ്ങളാണ് സ്‌റ്റേഷൻ കോമ്പൗണ്ടിലായി കാടുമൂടിക്കിടക്കുന്നത്. ഇവ ലേലം ചെയ്തവയാണ്. ഇ - ഓപ്ഷനിൽ റീലേലത്തിനായി കൊടുത്തിട്ടുണ്ട്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്കും ബുദ്ധിമുട്ടാണ്. പലരും തിരക്കേറിയ എം.സി റോഡിൽ വാഹനം പാർക്ക് ചെയ്താണ് സ്റ്റേഷനിലേക്കെത്തുന്നത്.

ആകെ ഉദ്യോഗസ്ഥർ : 87
എസ്.ഐ : 4
എ.എസ്.ഐ : 4
വനിതാ പൊലീസ് : 7

പ്രതിമാസ കേസ് : 200