solar-light

പൊൻകുന്നം : നോക്കുകുത്തിയെന്നാൽ ഇതാണ്. ഒരു വഴിപാട് എന്നപോലെ സ്ഥിപിച്ചിട്ട് പോയി. ഇപ്പോൾ വെട്ടവുമില്ല വിളക്കുമില്ല. മണ്ഡലകാലം അടുത്തെത്തി. തീർത്ഥാടക തിരക്കും വർദ്ധിക്കും. പക്ഷേ പി.പി റോഡിന്റെ കാര്യത്തിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ഏറ്റവും കൂടുതൽ അയ്യപ്പന്മാർ കടന്നുവരുന്ന പാതകളിലൊന്നായ പൊൻകുന്നം - പാലാ റോഡ് ഇരുട്ടിൽ തന്നെയാണ്. വർഷങ്ങളായുള്ള ദുരവസ്ഥയ്ക്ക് പരിഹാരം അകലെയാണ്. പകൽപോലെ വെളിച്ചം പകരുന്ന സോളാർ ലൈറ്റുകൾ ഏതാനും മാസം ഭംഗിയായി തെളിഞ്ഞു. എന്നാൽ ഇപ്പോൾ കൂട്ടത്തോടെ അണഞ്ഞു. പത്തുകോടി രൂപയോളം ചെലവഴിച്ച് 40 മീറ്റർ ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളടക്കം നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. റോഡ് കൈമാറുന്നതിനുമുമ്പ് കെ.എസ്.ടി.പി.പല തവണ തെളിയാതായ ലൈറ്റുകൾ മാറ്റിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തതിനുശേഷമാണ് വഴി ഇരുട്ടിലായത്.

തടിതപ്പി പൊതുമരാമത്ത് വകുപ്പ്

തകരാറിലായ വിളക്കുകൾ പുന:സ്ഥാപിക്കുന്ന കാര്യം അനർട്ടിനെ ഏൽപ്പിച്ചെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കൈയൊഴിയുകയാണ്. ബാറ്ററിയുടെ തകരാറാണ് ലൈറ്റുകൾ തെളിയാതായത്. റോഡിൽ വെളിച്ചം ഇല്ലാതായാൽ അപകടങ്ങൾ വർദ്ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സ്ഥാപിച്ച് അധികം താമസിയാതെ പല സോളാർ തൂണുകളും വാഹനങ്ങളിടിച്ച് തകർന്നിരുന്നു. ഉടമകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ട പരിഹാരമായി ഈടാക്കിയിട്ടുണ്ടെങ്കിലും തകർന്ന ഒരു ലൈറ്റു പോലും മാറ്റിസ്ഥാപിച്ചിട്ടില്ല.

ബാറ്ററി മോഷണവും പതിവ്

തകർന്നു വീഴുന്ന സോളാർ വിളക്കുകാലുകളുടെ വില പിടിപ്പുള്ള ബാറ്ററി, സോളാർ പാനലുകൾ എന്നിവ പലയിടങ്ങളിലും മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

''വിളക്കുകാലുകളിൽ കുറെയെണ്ണം വണ്ടി ഇടിച്ച് തകർത്തു.ചിലതൊക്കെ കാണാനുമില്ല. എല്ലാം ശരിയാക്കണം.

രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്. സ്ഥിരം അപകടമേഖല കൂടിയാണ് പി.പി റോഡ്. പരസ്‌പരം പഴിചാരൽ അവസാനിപ്പിച്ച പ്രശ്നത്തിന് പരിഹാരം കാണണം.

-രാജേഷ്, പൊൻകുന്നം

ചെലവഴിച്ചത് : 10 കോടി

40 മീറ്റർ ഇടവിട്ട് ലൈറ്റുകൾ