കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ നടത്തുന്ന ഗുരുസ്വാമിസംഗമം ഇന്ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ആരംഭിക്കും. മുൻ മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
9ന് ശബരിമല തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിയിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് അയ്യപ്പസഭ. സമാജം സംസ്ഥാന ജനറൽ സെക്രട്ടറി മുരളി കോളങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. 4.30 ന് വി.കെ വിശ്വനാഥൻ സമാപന സന്ദേശം നൽകും. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സുരക്ഷിത യാത്രയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ ഡോ.വിനോദ് വിശ്വനാഥനും ജനറൽ കൺവീനർ ടി.സി വിജയചന്ദ്രനും അറിയിച്ചു.