കരീമഠം: കരീമഠം നിവാസികളുടെ മുഖത്ത് ആ സന്തോഷമുണ്ട്. പ്രദേശവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അയ്മനം ഗ്രാമപഞ്ചായത്തിലെ കൊല്ലത്തുകരി കരിമഠം സ്‌കൂൾ കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽപ്പെടുത്തി നാല്പത്തി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടക്കുന്നത്. 992 മീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും ഒരു വാർഡിലെ ഒരു റോഡ് നിർമ്മാണത്തിനായി ഉൾപ്പെടുത്തിയ ഏറ്റവും വലിയ തുകയാണ് കരീമഠം പ്രദേശത്തെ റോഡ് വികസനത്തിന് വിനിയോഗിക്കുന്നത്. മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ദൂരം സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകൾ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തിരുന്നു.