nel

വീണ്ടും നഷ്ടക്കയത്തിൽ മുങ്ങി നെൽകർഷകർ

കോട്ടയം: കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സീഡ്സ് കോർപ്പറേഷനിൽ നിന്നു വാങ്ങിയ നെൽവിത്ത് കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്തെ പല പാടശേഖരങ്ങളിലും കിളിർക്കുന്നില്ലെന്ന് പരാതി. കോർപ്പറേഷൻ കഴിഞ്ഞവർഷം നൽകിയ നെൽവിത്ത് സംബന്ധിച്ചും പരാതിയുയർന്നിരുന്നു.

കിളിർക്കാതെ വന്നതോടെ പലയിടത്തും വിത പ്രതിസന്ധിയിലായി. 50 ശതമാനം സബ്സിഡിക്കാണ് നെൽവിത്ത് നൽകുന്നത്. വിത്ത് കിളിർക്കാത്ത സാഹചര്യത്തിൽ ഇരട്ടി പണം നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങണം. വിത്തുവിതയ്ക്കൽ വൈകുന്നതോടെ കൃഷിയും വൈകും. കാലാവസ്ഥ വ്യതിയാനം വിളവിനെയും ബാധിക്കും.

അധിക ചെലവ്: 1000-1500 രൂപ

വിത്ത് ഒ രു കിലോയ്ക്ക് 45 രൂപയാണ്. കൃഷിഭവൻ വഴി 22രൂപ 50 പൈസയ്ക്കാണ് നൽകുന്നത്. നെൽവിത്ത് കിളിർക്കാതെ വന്നതോടെ ഏക്കറിന് 1000-1500 രൂപ അധിക ചെലവ് കർഷകർക്കുണ്ടാകും. വിത്ത് കിളിർത്തില്ലെന്ന പരാതി നാഷണൽ സീഡ്സ് കോർപ്പറേഷനെ അറിയിച്ചാലും നഷ്ടപരിഹാരം ഉടനെങ്ങും ലഭിക്കില്ലെന്നാണ് കർഷകരുടെ അനുഭവം. അടുത്ത കൃഷിയായാലും നടപടിയുണ്ടാവില്ല. കൃഷിഭവൻ വഴി നഷ്ടപരിഹാരം ഉടനടി ലഭ്യമാക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.

പുഞ്ചകൃഷി 20000 ഹെക്ടറിൽ

20000 ഹെക്ടർ സ്ഥലത്താണ് ഈ വർഷം പുഞ്ചകൃഷി. കഴിഞ്ഞ വർഷം വിളവെടുപ്പ് താമസിച്ചതിനാൽ ഉഷ്ണതരംഗം മൂലം കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. പലർക്കും മുടക്കുമുതൽ പോലും ലഭിച്ചില്ല .

ഇതാദ്യമല്ല നാഷണൽ സീഡ്സ് കോർപ്പറേഷൻ നൽകുന്ന വിത്തു മുളക്കാത്തത്. പരാതിപെട്ടിട്ടും നടപടി ഉണ്ടാകാറില്ല. കർഷകർക്കുണ്ടാകുന്ന അധിക നഷ്ടം കൃഷിഭവൻ വഴി നികത്തുകയാണ് വേണ്ടത്.

ശിവദാസൻ (നെൽകർഷകൻ )