
കോട്ടയം : ഇംഗ്ലീഷിൽ എന്ത് ചോദിച്ചാലും പറഞ്ഞാലും തിരിച്ചും സംസാരിക്കുന്ന ജാർവിസ് 5.0 എന്ന പേരിലറിയപ്പെടുന്ന കുഞ്ഞൻ റോബോട്ടായിരുന്നു ശാസ്ത്രമേളയിലെ താരം. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചലിക്കാനും, സംസാരിക്കാനും നൃത്തം ചെയ്യാനും കഴിയുന്നത്. ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളായ എസ്.ദേവദത്തും ആർ.ഋഷികേശും ചേർന്നാണ് ജാർവിസിനെ അവതരിപ്പിച്ചത്. ഒന്നാംസ്ഥാനവും ലഭിച്ചു.
ഇരുവരും നാല് വർഷമായി റോബോട്ട് നിർമ്മാണ രംഗത്തുണ്ട്. മൂന്നുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. അയൺമാൻ സിനിമയാണ് പ്രചോദനമായതെന്ന് ഇവർ പറഞ്ഞു.
പാഴ് വസ്തുക്കളിൽ നിന്നൊരു കാർ
പുരയിടത്തിലും തൊടിയിലും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ നിന്ന് നിർമ്മിച്ച സോളാർ ഹൈബ്രിഡ് കാറായിരുന്നു മേളയിൽ ആകർഷണം. പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളായ ജോസ്‌വിൻ ബിജോയും മൈക്കിൾ ഷാജിയും ചേർന്നാണ് നിർമ്മിച്ചത്. നാലാം സ്ഥാനവും ലഭിച്ചു. ആക്രിക്കടയിൽ നിന്ന് ശേഖരിച്ച ബൈക്കിന്റെ എൻജിനും പഴയ സോളാർ പാനലുകളും കാറിന്റെ ഭാഗങ്ങളും ചേർത്തായിരുന്നു നിർമ്മാണം. ഒറ്റത്തവണ ചാർജ് ചെയ്താൽ 80 മുതൽ 100 കിലോമീറ്റർ വരെ ഓടും. സോളാറിന് പുറമെ പെട്രോളിലും വാഹനം പ്രവർത്തിപ്പിക്കാം.
പ്രകൃതി ദുരന്തം ഒഴിവാക്കാം
പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിഞ്ഞ് അപകടസാദ്ധ്യത ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകളും മേളയിൽ ശ്രദ്ധ പിടിച്ചുപറ്റി. മഴയുടെ അളവ്, ഭൂഗർഭ ജലത്തിന്റെ തോത്, ഭൂകമ്പ സാദ്ധ്യത എന്നിവ വിവിധ സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിയാനാകും. അലാറംവഴി ജാഗ്രതാ നിർദ്ദേശം മൊബൈൽ ഫോണിലേക്ക് നൽകുന്നതിനുള്ള സംവിധാനമാണ് അവതരിപ്പിച്ചത്. ഫാത്തിമാപുരം എസ്.എച്ച്.ഹയർസെക്കൻഡറി സ്‌കൂളിലെ റയാൻ റാഫിസും ഹാർവി കെ.ജോർജും അവതരിപ്പിച്ച മോഡലിന് മൂന്നാം സ്ഥാനം ലഭിച്ചു.