പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ 10ാമത് ശിവഗിരി തീർത്ഥാടന പദയാത്ര 'ഇടപ്പാടി മുതൽ ശിവഗിരി വരെ' ഡിസംബർ 26ന് രാവിലെ ഇടപ്പാടി ആനന്ദഷൺമുഖസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. 31ന് വൈകുന്നേരം ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. പുതുവത്സര പൂജയിൽ പങ്കെടുത്ത് ജനുവരി 1ന് തിരികെയെത്തും. ഇതുസംബന്ധിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ.ഉല്ലാസ്, സജീവ് വയല എന്നിവർ അറിയിച്ചു. ഇന്നലെ നടന്ന ശാഖ കോൺഫറൻസിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സജീവ് വയല നന്ദി പറഞ്ഞു. യൂണിയൻ ജോയിൻ കൺവീനർ കെ.ആർ ഷാജി, രാമപുരം സി.റ്റി രാജൻ, അനീഷ് പുല്ലുവേലി, സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് എന്നിവർ പ്രസംഗിച്ചു.