കുമരകം : ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ വീണ്ടും ആവേശത്തിൽ ജലോത്സവലോകം. 16ന് താഴത്തങ്ങാടിയിലാണ് ആദ്യ മത്സരം. അതേസമയം മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പുളിങ്കുന്ന്, കല്ലട എന്നീ വേദികളെ ഇത്തവണ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തുവന്നിട്ടുണ്ട്. പി.ബി.സി പള്ളാത്തുരുത്തി, വി. ബി. സി. കൈനകരി , കെ.ടി.ബി.സി കുമരകം, എൻ.ബി.സി നിരണം, യു.ബി.സി കൈനകരി , ആലപ്പുഴ ടൗൺ, പി.ബി.സി പുന്നമട , കെ.ബി.സി കുമരകം, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിങ്ങനെ 9 ബോട്ട് ക്ലബുകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക. കാരിച്ചാൽ, വീയപുരം, നടുഭാഗം, നിരണം, തലവടി, പായിപ്പാട്, ചമ്പക്കുളം, മേൽപ്പാടം, ആയാപറമ്പ് വലിയ ദിവാൻജി എന്നിങ്ങനെ 9 ചുണ്ടൻ വള്ളങ്ങളുമാണ് സി ബി എല്ലിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്.