
കോട്ടയം : പാമ്പാടി മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ട് ആറുമാസമായതോടെ ക്ഷീരകർഷകരടക്കം ദുരിതത്തിൽ. നിരവധിപ്പേരാണ് അരുമകളുമായി ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്. യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ രോഗം ബാധിച്ച പക്ഷി മൃഗാദികൾ അവശരാണ്. നിരവധി കന്നുകാലികളെയാണ് പ്രദേശത്ത് വളർത്തുന്നത്. സദാസമയം തിരക്കുള്ള ആശുപത്രിയിലാണ് അധികൃതരുടെ പിന്തിരിപ്പൻ നിലപാട് കർഷകരെ വലയ്ക്കുന്നത്. കുറ്റിക്കൽ, മാന്തുരുത്തി, പൂതകുഴി, ഇലക്കൊടിഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നത്.പകരമെത്തിയ എത്തിയ ഡോക്ടർ ലീവിൽപോയി. വിവിധ ആനുകൂല്യ ആവശ്യങ്ങൾക്കും എത്തുന്നവരും പ്രതിസന്ധിയിലാണ്.
ആടുകളുടെ വാക്‌സിൻ പ്രതിസന്ധിയിൽ
ആടുകൾക്ക് പി.പി.ആർ പ്രതിരോധ വാക്‌സിൻ എടുക്കുന്ന സമയമാണിത്. വാക്‌സിൻ മുടങ്ങിയതിനെ തുടർന്ന് പ്രദേശത്തെ പത്തോളം ആടുകളാണ് വിവിധ രോഗങ്ങൾ ബാധിച്ച് ചത്തത്. മുൻകാലങ്ങളിൽ രാത്രികാല സേവനം ലഭ്യമായിരുന്നു. എന്നാലിപ്പോൾ ഇതും നിലച്ചു. അടിയന്തര സാഹചര്യങ്ങളിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്.
''അടിയന്തരമായി ഡോക്ടറുടെ സേവനം കൃത്യമാക്കണം. രാത്രികാലത്തും ഇത് ഉറപ്പാക്കണം.
(എബി ഐപ്പ്, പാമ്പാടി).