plice

കോട്ടയം : ശബരിമല തീർത്ഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലും ആദ്യ ഘട്ടത്തിൽ സുരക്ഷ ഒരുക്കാൻ 700 പൊലീസുകാർ. ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ എന്നിവിടങ്ങളിൽ 200 പേരും, എരുമേലി ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിൽ 500പേരെയുമാണ് നിയോഗിച്ചത്. എരുമേലിയിലെ എല്ലാ പാർക്കിംഗ് മൈതാനങ്ങളിലും സുരക്ഷ ഒരുക്കും. സ്ഥിരം മോഷ്ടാക്കളുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്. താത്കാലിക കടകൾ, പാർക്കിംഗ് സ്ഥലങ്ങൾ, ശൗചാലയങ്ങൾ എന്നിവിടങ്ങളിൽ ഭക്തർ ചൂഷണത്തിനിരയാകുന്നത് തടയാൻ മഫ്തി സ്‌ക്വാഡും രഹസ്യാന്വേഷണവിഭാഗം ഉണ്ടാകും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ തൊഴിലിടങ്ങളിൽ അനുവദിക്കില്ല. കടഉടമകൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണമല ഇറക്കത്തിൽ മുൻകരുതൽ

ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തർക്ക് വിശ്രമസൗകര്യം, ചുക്കുകാപ്പി വിതരണം എന്നിവ ഒരുക്കും. കണമല ഇറക്കത്തിൽ കോൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടും. രാത്രികാലങ്ങളിൽ ഡ്രൈവർക്ക് മുന്നറിയിപ്പായി ട്രാഫിക് ബാറ്റൺ ലൈറ്റുണ്ടാകും. തിരക്ക് നിയന്ത്രണാതീതമായാൽ എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പാർക്കിംഗ് മൈതാനങ്ങൾ ക്രമീകരിക്കും.

''എരുമേലിയിലും കണമല പാതയിലും മൂന്ന് ഇരുചക്രവാഹനത്തിലും മൂന്ന് ജീപ്പിലും പട്രോളിംഗ് നടത്തും.

ഷാഹുൽ ഹമീദ് , ജില്ലാ പൊലീസ് മേധാവി