s

കോട്ടയം : മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ കർഷകർക്ക് ആശങ്കയാണ്. ഒരു വർഷത്തെ അദ്ധ്വാനമാണ് പാടത്ത് കൂനകൂട്ടിയിരിക്കുന്നത്. അപ്രതീക്ഷിതമായി മഴ പെയ്താൽ കൊയ്ത് കൂട്ടിയ നെല്ല് നശിക്കും. രണ്ടാംകൃഷിയുടെ കൊയ്ത്തും നീളും. നനവിന്റെ പേരിൽ മില്ലുടമകളുടെ വിലപേശൽ വേറെയും. കർഷകരെ കാത്തിരിക്കുന്നത് വൻസാമ്പത്തിക ബാദ്ധ്യതയാണ്. നെൽച്ചെടികൾ കാറ്റത്ത് ഒടിഞ്ഞ് കതിർമണികൾ കൊഴിയുകയാണ്. ഇത് വിളവ് കുറയ്ക്കും. ഈർപ്പം മുതലാക്കി സ്വകാര്യമില്ലുകാർ നെല്ലിന് പരമാവധി വില കുറയ്ക്കാൻ നോക്കും. ഗത്യന്തരമില്ലാതെ അവർ പറയുന്ന വിലയ്ക്ക് നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകും. കുമരകം വട്ടക്കായൽ തട്ടേപാടം, ഇത്തിക്കാടൻ കരി, മഞ്ചാടിക്കരി, പള്ളിക്കായൽ തുടങ്ങി അറുനൂറോളം പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയാകാനുണ്ട് . കൃഷി വൈകി പല പാടങ്ങളിൽ നെല്ലു മൂപ്പെത്താത്തതും പ്രശ്നമാണ്.

ഉത്പാദനം കുറയും, കൈപൊള്ളും

കഴിഞ്ഞ തവണ കൊടുംവരൾച്ചയും ഉഷ്ണതരംഗവും കാരണം നെൽ ഉത്പാദനത്തിൽ വൻ കുറവുണ്ടായി. ഈ വർഷം തുലാമഴയും കൂടി എത്തിയതോടെ ഉത്പാദനം കുറഞ്ഞ് കൈ പൊള്ളുന്ന അവസ്ഥയിലാണ് കർഷകർക്ക്. കൊയ്ത്ത് പൂർത്തിയായ ശേഷം വേണം അടുത്ത കൃഷിക്ക് നിലം ഒരുക്കാൻ. കാർഷിക കലണ്ടർ താളം തെറ്റിക്കുന്നതിന് പുറമെ തണ്ണീർ മുക്കം ബണ്ട് തുറക്കുന്നത് പോലും ഇത് വൈകിപ്പിക്കന്നത് പരിസ്ഥിതി പ്രശ്നത്തിനു വരെ വഴി തെളിക്കും.

യന്ത്ര വാടകയും കൂടും

മിക്ക പാടങ്ങളിലും നല്ല വിളവാണ് രണ്ടാം കൃഷിയിൽ പ്രതീക്ഷിക്കുന്നത്. നെല്ല് നിലം പൊത്തി വെള്ളത്തിലായാൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനും ബുദ്ധിമുട്ടുണ്ട്. ഒന്നര മണിക്കൂർ കൊണ്ട് ഒരു ഏക്കറിൽ വിളവെടുപ്പ് പൂർത്തി​യായ ഇടത്ത് നാലുമണിക്കൂറോളം വേണ്ടിവരുന്നത് യന്ത്രവാടക കൂട്ടും.

''രണ്ടാം കൃഷി നഷ്ടകച്ചവടമാകും. സംഭരണം വൈകുന്നത് വരുമാനവും വൈകിപ്പിക്കും. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത കർഷകർക്ക് വലിയ തിരിച്ചടിയാകും.

പൊന്നപ്പൻ (നെൽകർഷകൻ കുമരകം )