
കോട്ടയം : കാർഷികമേഖലയിലെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പദ്ധതിയായ 'സ്മാം' ആനുകൂല്യങ്ങൾ (സബ്മിഷൻ ഒഫ് അഗ്രികൾച്ചറൽ മെക്കനൈസേഷൻ) ലഭിക്കാതെ കർഷകർ. ആവശ്യമായ കാർഷിക യന്ത്രങ്ങൾ സബ് സിഡി നിരക്കിൽ വാങ്ങാനുള്ള പദ്ധതിയാണിത്. കൃഷിഭവൻ വഴിയാണ് പദ്ധതി കർഷകരിലേക്ക് എത്തേണ്ടത്. എന്നാൽ കൃഷി ഭവനുകളിൽ ഭൂരിഭാഗവും ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് മിണ്ടാറില്ല. കൊയ്ത്തുമെതിയന്ത്രം, ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും, പവർട്രില്ലർ, മെഷീൻ വാൾ, ഏണി, വീൽ ബാരോ, ഇറിഗേഷൻ പമ്പ്, റബർ ടാപ്പിംഗ് മെഷീൻ എന്നിവയെല്ലാം 40 മുതൽ 50% വരെയും നെല്ലുകുത്തി യന്ത്രം, ചക്ക്, ഡ്രൈയർ, റോസ്റ്റർ, പൾവറൈസർ എന്നിവ അമ്പത് മുതൽ 69 ശതമാനം വരെ സബ്‌സിഡിയിലും പദ്ധതി പ്രകാരം ലഭിക്കും. ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കാർഷിക ഉത്പാദക സംഘങ്ങൾ എന്നിവയ്ക്ക് ഓരോ വില്ലേജുകൾക്കും 10 ലക്ഷം രൂപ പദ്ധതിയിലൂടെ ലഭിക്കും. ഫാം മെഷിനറി ബാങ്കുകൾക്ക് പരമാവധി 8 ലക്ഷം രൂപ വരെ അനുവദിക്കും.
യന്ത്രങ്ങൾ കൈക്കലാക്കി ഏജന്റുമാർ
പദ്ധതിയിലൂടെ കർഷകസംഘങ്ങൾ സബ്‌സിഡി നിരക്കിൽ വാങ്ങുന്ന യന്ത്രങ്ങൾ എത്തുന്നത് ഏജന്റുമാരുടെ കൈകളിലാണ്. അഗ്രോവിഭാഗത്തിലെ കാലപ്പഴക്കം ചെന്ന കൊയ്ത്തുയന്ത്രങ്ങൾ ലേലം ചെയ്തപ്പോൾ വാങ്ങിയതും ഏജന്റുമാരാണ്. ഇവയിൽ ഭൂരിഭാഗത്തിനും കാര്യമായ കേടുപാടുകളില്ലെന്ന് കർഷകർ പറയുന്നു. ഇതേതുടർന്ന് യന്ത്രങ്ങളുടെ സ്‌പെയർപാർട്‌സുകൾ വിൽക്കുന്ന കടകളും പ്രത്യക്ഷപ്പെട്ടു. കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട ട്രാക്ടറുകൾ പാറമടകളിലേക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചതിനാൽ സബ്‌സിഡി ലഭിക്കുന്നില്ല.
പുല്ലുവെട്ടിയന്ത്രം, ചെറുകിട ട്രില്ലർ തുടങ്ങിയവയ്ക്ക് അപേക്ഷ നൽകിയ കർഷകർക്കും തുക ലഭിച്ചിട്ടില്ല.
വ്യക്തികൾക്ക് പരമാവധി 10 ലക്ഷം രൂപ സഹായം
സബ്‌സിഡി മൂന്നായി തിരിച്ച്
രണ്ടര ഏക്കറിന് താഴെ ഭൂമിയിൽ കൃഷി ചെയ്യുന്നവർ
രണ്ടര ഏക്കറിനും അഞ്ച് ഏക്കറിനും ഇടയിൽ ഉള്ളവർ
അഞ്ച് ഏക്കറിനു മുകളിൽ കൃഷി ചെയ്യുന്നവർ