പാലാ: നഗരസഭയെയും മീനച്ചിൽ പഞ്ചായത്തിനെയും അതിരിടുന്ന കളരിയാമ്മാക്കൽ പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷന് മുമ്പിൽ പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ധർണ നടത്തി.

പാലത്തിലേയ്ക്ക് റോഡ് ഇല്ലാത്തതിനാൽ മീനച്ചിൽ പഞ്ചായത്തിലുള്ളവർക്ക് ആശുപത്രിയിലും ടൗണിലേയ്ക്ക് പോകാൻ അഞ്ചു കിലോമീറ്റർ അധികം സഞ്ചരിക്കണം. റോഡ് പൂർത്തികരിക്കുന്നത് വരെ വിവിധ ജനകീയ സമരങ്ങൾ തുടരും. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കണമെന്ന് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കൽ ധർണ ഉദ്ഘാടനം ചെയ്തു. തരംഗിണി സാംസ്‌കാരിക സംഘം പ്രസിഡന്റ് ജോസഫ് വെട്ടിക്കൽ, ട്രഷറർ സജിവ് നിരപ്പേൽ, ലൈല മാക്കുന്നേൽ, സണ്ണി വെട്ടം, ജോയി മൂക്കൻതോട്ടം, ജോജി തറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.


 എൽ.ഡി.എഫ് ഒപ്പമുണ്ട്

ജനം ചുമതല ഏല്പിച്ച ജനപ്രതിനിധികൾ മനപ്പൂർവം കൈയൊഴിഞ്ഞതോടെ മന്ദീഭവിച്ച റോഡ് നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എൽ.ഡി.എഫ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തുന്നതായി എൽ.ഡി.എഫ് പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം കമ്മിറ്റി കൺവീനർ ബിജു പാലൂപടവൻ പറഞ്ഞു.

ഇടപെടൽ നടത്തും

കളരിയാമാക്കൽ പാലം പ്രയോജനപ്പെടുത്തുന്നതിലേക്കായുള്ള രണ്ടാം ഘട്ട റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഊർജ്ജിതപ്പെടുത്താൻ നഗരസഭയും ഇടപെടൽ നടത്തുന്നുണ്ടെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു.