
കോട്ടയം : രാസവളത്തിന് അടിക്കടി വില കൂടുന്നതും ലഭ്യത കുറയുന്നതും കർഷകർക്ക് ഇരുട്ടടിയാവുന്നു. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ്, ഡൈഅമോണിയം ഫോസ് ഫേറ്റ് വളങ്ങൾ കിട്ടാനില്ലെന്നാണ് പരാതി. വളത്തിന്റെ ലഭ്യതക്കുറവ് വിവിധ കൃഷികളെയും ബാധിച്ചു. ഇ - പോസ് മെഷീനിലൂടെ വളം നൽകുന്ന ഡീലർമാർ യഥാസമയം വളത്തിന്റെ സ്റ്റോക്ക് ആധാർ നമ്പർ ഉപയോഗിച്ച് രേഖപ്പെടുത്താത്തതാണ് ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്നാണ് വിതരണ കമ്പനികൾ പറയുന്നത്. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായി ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 1000 രൂപയാണ് വില. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്.
സബ്‌സിഡി വിതരണം നിലച്ചു
യൂറിയ അടക്കമുള്ളവ സബ്‌സിഡിയോടെ സഹകരണ മേഖല വഴി വിതരണം ചെയ്യുന്നതും കാര്യക്ഷമമല്ല. പലർക്കും ഇത് കിട്ടുന്നുമില്ല. ആവശ്യത്തിന് സ്റ്റോക്ക് എത്തിയാലും സഹകരണ ബാങ്കിന് കീഴിലുള്ള വളം വില്പനകേന്ദ്രങ്ങളിൽ ഇവ എത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. മുൻകൂർ പണം നൽകിയാലേ യൂറിയയും പൊട്ടാഷും ലഭിക്കൂ . പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും, ജൈവ വളങ്ങളും കർഷകരിൽ അടിച്ചേൽപ്പിക്കാനാണ് നീക്കം.
യൂറിയ @ 1750
50 കിലോയുടെ ഒരു ചാക്ക് യൂറിയക്ക് 1750 രൂപയാണ്. 280 രൂപയാണ് സബ്‌സിഡി നിരക്ക്. സഹകരണ സ്ഥാപനങ്ങളുടെ കൈവശം യൂറിയ ഇല്ലാതാതോടെ വ്യാപാരികൾ 45 കിലോ തൂക്കം വരുന്ന ചാക്കിന് 266.50 രൂപയ്ക്ക് പകരം കൈകാര്യം ചെലവെന്ന പേരിൽ 320 രൂപ വരെ വാങ്ങുകയാണ്.
''വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്. പ്രതിവർഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനത്ത് ഇത്തവണ കടുത്ത ക്ഷാമമാണ് നേരിടുന്നത്. നെല്ല് മുളപൊട്ടുന്ന സമയത്ത് വളമില്ലാതെ വന്നാൽ ഉത്പാദനം കുത്തനെ കുറയും.
-ജോൺ കുര്യൻ (കർഷകൻ )