കോട്ടയം: ഹാസ്യപഠനത്തിനും ഗവേഷണത്തിനും അക്കാ‌ദമികകേന്ദ്രം കോട്ടയത്ത് ആരംഭിക്കും. മുതിർന്ന പത്രാധിപരും ദീർഘകാലം മലയാള മനോരമ പത്രാധിപസമിതി അംഗവും ഹാസ്യ സാഹിത്യകാരനും നാടക പ്രവർത്തകനുമായിരുന്ന കെ.പത്മനാഭൻ നായരുടെ (പത്മൻ) ഓർമ്മയ്ക്കായി സ്ഥാപിച്ച പത്മൻ ഫൗണ്ടേഷനാണ് നേതൃത്വം നൽകുക. അദ്ദേഹത്തിന്റെ നാലാം ചരമവാർഷികദിനമായ ഏഴിന് രാവിലെ 11ന് പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജോസഫ് എം.പുതുശേരി, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ഫൗണ്ടേഷൻ കോഓർഡിനേറ്റർ അഡ്വ. ജി.ശ്രീകുമാർ പ്രസംഗിക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന ഹാസ്യവിന്യാസങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രാഥമിക ശ്രദ്ധ. അടുത്തഘട്ടത്തിൽ ഹൃസ്വ ദീർഘകാല കോഴ്സുകൾ ആരംഭിക്കും.