
കോട്ടയം : തുലാ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിനെ കരുതണമെന്ന് മുന്നറിയിപ്പ്. നീണ്ടൂരിൽ രണ്ട്പേർക്ക് മിന്നലേറ്റപ്പോൾ, നെടുങ്കുന്നത്ത് വീട്ടുപകരണങ്ങൾ നശിച്ചു. കാർമേഘം കാണുമ്പോൾ മുതൽ കരുതൽ വേണം. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മിന്നലിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതവും മരണവും വരെയോ സംഭവിക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹമില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യ സഹായം എത്തിക്കുക.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
കെട്ടിടത്തിന്റെ ജനലും വാതിലും അടച്ചിടുക
വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക
ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
ഇടിമിന്നലിൽ നാശനഷ്ടം
ഇടിമിന്നലിൽ നെടുങ്കുന്നം മൂന്നാം വാർഡിൽ സോമൻ നായരുടെ വീട്ടിലെ വയറിംഗും ഫാനും ഇൻവേർട്ടറും സ്റ്റെബിലൈസർ, മോട്ടോർ, ടി.വി, ഫ്രിഡ്ജ്, സ്വിച്ച് ബോർഡ് എന്നിവ നശിച്ചു. സംഭവ സമയം വീട്ടിൽ ആരുമില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.