
എരുമേലി : മണ്ഡല - മകരവിളക്ക് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രധാന ഇടത്താവളമായ എരുമേലിയിലെ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. റോഡുകളിലെ കുഴികൾ അടയ്ക്കൽ, വശങ്ങളിലെ കാടുകൾ നീക്കൽ, സീബ്രാലൈൻ വരയ്ക്കൽ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതുവരെയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നെങ്കിലും നടപടികൾക്ക് വേഗമില്ല. ആകെ ചെയ്തത് കട മുറികളുടെയും, കുത്തക വ്യാപാരങ്ങളുടെയും ലേലവും ക്ഷേത്രത്തിലെ പെയിന്റിംഗുമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ കുഴികളിൽ മെറ്റൽ പാകിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ടാർ ചെയ്തില്ല. സൈൻബോർഡുകൾ മിക്കയിടത്തും വള്ളിപടർപ്പുകൾ കയറി മറഞ്ഞ നിലയിലാണ്. വഴിവിളക്കുകളുടെ അഭാവവും തീർത്ഥാടകരെ ദുരിതത്തിലാക്കും. ഓട വൃത്തിയാക്കാത്തതിനാൽ
കനത്തമഴയിൽ ശബരിമല പാതയും, എരുമേലി, മുക്കൂട്ടുതറ ടൗണും വെള്ളക്കെട്ടിൽ മുങ്ങുന്നതാണ് കാഴ്ച. കല്ലും മണ്ണും അടിഞ്ഞ് ഓടകൾ അടഞ്ഞിരിക്കുകയാണ്. പാർക്കിംഗ്, ശൗചാലയ ഫീസ് നിരക്കുകൾ നിശ്ചയിച്ചിട്ടില്ല. താത്കാലിക ഹോട്ടലുകളുടെയും വ്യാപാര സ്റ്റാളുകളുടെയും, സ്റ്റുഡിയോകളുടെയും , ലേലങ്ങൾ പൂർത്തിയായി വരുന്നു.
കുളിക്കടവുകൾ സുരക്ഷിതമല്ല
മഴ ശക്തമായി ലഭിച്ചതിനാൽ നദികളിൽ ജലനിരപ്പുയർന്നു. ഇതോടെ കുളിക്കടവുകളുടെ സുരക്ഷയും ആശങ്ക ഉയർത്തുകയാണ്. കടവുകളിൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഫയർഫോഴ്‌സ്, പൊലീസ്, പഞ്ചായത്ത് സംയുക്ത പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗ സാന്നിദ്ധ്യം മൂലം ഇത്തവണയും പരമ്പരാഗത കാനനപാതയിൽ രാത്രി യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മുൻവർഷങ്ങളിൽ പകൽ സമയത്തും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരെ തടയുന്ന കോയിക്കക്കാവ്, കാളകെട്ടി എന്നിവിടങ്ങളിൽ വെള്ളം, വെളിച്ചം, ശൗചാലയ ക്രമീകരണങ്ങൾ പരിമിതമാണ്.
ഒന്നും കാണില്ല ഈ ക്യാമറകൾ
ടൗണിലും, പരിസരങ്ങളിലുമായുള്ള 56 നിരീക്ഷണ ക്യാമറകൾ നോക്കുകുത്തിയാണ്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും, വൈദ്യുതി പോസ്റ്റുകൾക്ക് വാടക മുടങ്ങിയതുമാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ ഇനിയും ഫണ്ട് ലഭ്യമായിട്ടില്ല.
''ലക്ഷണക്കണക്കിന് ഭക്തർ വന്നുപോകുന്ന എരുമേലി അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നിലാണ്. ഹോട്ടലുകളിലടക്കം തീർത്ഥാടകർ ചൂഷണത്തിനിരയാകുന്നതാണ് മുൻകാല അനുഭവം. മാലിന്യപ്രശ്നമാണ് മറ്റൊരു വെല്ലുവിളി. യോഗങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും നടപടികൾ അകലെയാണ്.
-വിശ്വംഭരൻ, എരുമേലി