കോട്ടയം : ദുരന്ത നിവാരണ രേഖ തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പഞ്ചായത്തുകൾക്ക് ദുരന്ത നിവാരണ വകുപ്പിന്റെയും കിലയുടെയുടെയും ആഭിമുഖ്യത്തിൽ ദ്വിദിന പരിശീലനത്തിന് തുടക്കമായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിക്കും ഏറ്റുമാനൂർ, ളാലം , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള പഞ്ചായത്തുകൾക്കുമാണ് ആദ്യഘട്ട പരിശീലനം. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരാണ് പങ്കെടുക്കുന്നത്. നിലവിലുള്ള ദുരന്ത നിവാരണ പ്ലാൻ പുതുക്കുന്നതിനും, പ്രാദേശിക തലത്തിലുണ്ടാവുന്ന ദുരന്ത സാദ്ധ്യതകൾ വിശകലനം ചെയ്യുന്നതിനും പരിശീലനം നൽകും. ഡി.എം പ്ലാൻ കോ-ഓർഡിനേറ്റർ അനി തോമസ്, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഡി കാറ്റ് ജില്ലാ കോ-ഓർഡിനേറ്റർ പൊൻമണി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.