
വാഴൂർ: പരാതി പറഞ്ഞുതുടങ്ങിയാൽ അതങ്ങനെ നീളും. അടിസ്ഥാനവികസനം പോലും അന്യമെന്ന് വെച്ചാൽ എന്താകും അവസ്ഥ. വാഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പുളിക്കൽകവല ജംഗ്ഷന്റെ കാര്യത്തിൽ അത്രയേറെ ആക്ഷേപങ്ങളുണ്ട്. ദേശീയപാതയിൽ വാഴൂർ-ചങ്ങനാശേരി റോഡ് തുടങ്ങുന്ന പ്രധാന ജംഗ്ഷനെന്ന് പറഞ്ഞിട്ട് കാര്യമില്ല. വികസനം ഇനിയും എത്തിയിട്ടില്ല. അതുതന്നെ കാര്യം. സമീപത്തെ ചെറുപട്ടണങ്ങളെല്ലാം അതിവേഗം വികസിക്കുമ്പോഴും അധികാരികളുടെ അവഗണന വികസനകാര്യത്തിൽ പുളിക്കൽകവലയെ പിന്നോട്ടടിച്ചു. രണ്ട് പ്രധാനപാതകളിൽ നിന്നും നൂറുക്കിന് വാഹനങ്ങളാണ് ദിവസവും ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. ദേശീയപാതയിലെ പ്രധാന ടൗണുകളിലൊന്നായ ഇവിടെ എന്നിട്ടും ട്രാഫിക് നിയന്ത്രണത്തിന് സംവിധാനമില്ല. ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന് ആവശ്യവും അധികാരികളുടെ ഫയലിൽ ഉറങ്ങുകയാണ്.
ഇവിടെ അപകടങ്ങൾ പതിവാണ്
വലിയ വളവുകളും കയറ്റവും ഇറക്കവുമുള്ള പാതകളിൽ അപകടങ്ങൾ പതിവാണ്. കോട്ടയം ഭാഗത്ത് നിന്നുമെത്തുന്ന ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് വലിയ ഇറക്കവും വളവും ഉള്ള ഭാഗത്താണ്. മത്സരിച്ചെത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
എവിടെ ബസ് കാത്തുനിൽക്കും
യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. പ്രാഥികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. കംഫർട്ട് സ്റ്റേഷൻ വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. പാതകൾക്കിരുവശവും ഓടയില്ല. മഴപെയ്താൽ റോഡ് നിറഞ്ഞാണ് വെള്ളമൊഴുകുന്നത്. പല ഭാഗങ്ങളിലും ഒഴുക്കില്ലാതെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. വഴിവിളക്കുകൾ കൃത്യമായി തെളിയാറില്ല.ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കുമെന്നും അതിനായി ബഡ്ജറ്റിൽ തുക അനുവദിച്ചെന്നും എം.എൽ.എ പറഞ്ഞിട്ട് രണ്ടുവർഷംകഴിഞ്ഞു. ഇതുവരെ ഒരു നടപടിയും ഇല്ല.
കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത മാർച്ചിനു മുമ്പ് കംഫർട്ട് സ്റ്റേഷൻ പണി പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നുകൊടുക്കും.
ജിബി പൊടിപാറ,ഗ്രാമപഞ്ചായത്ത് അംഗം.
പുളിക്കൽകവലയിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാണ്.ഇതിന് ശാശ്വതമായ പരിഹാരം കാണണം.
മനോജ് കാവുങ്കൽ ,വാഴൂർ.