mani

ച‌ർച്ചകൾ നടന്നിട്ടില്ലെന്ന് സി.പി.ഐ

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം). വാർഡ് വിഭജനത്തിന്റെ ഭാഗമായുള്ള അധിക സീറ്റുകളിലാണ് കണ്ണ്. ഇത് സംബന്ധിച്ച ചർച്ചകൾ പാലായിൽ എട്ടിന് നടക്കുന്ന പാർട്ടി ജില്ലാ ക്യാമ്പിലുണ്ടാകുമെന്ന് പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജോസ് കെ.മാണി ഇടതുമുന്നണിയിലെത്തിയതിന് ശേഷം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ഉയർത്തിക്കാട്ടിയാണ് സമ്മർദ്ദ തന്ത്രം. കഴിഞ്ഞ വർഷം കൂടുതൽ സീറ്റിന് അർഹതയുണ്ടായിരുന്നെന്നും വിട്ടുവീഴ്ച ചെയ്തതാണെന്നും നേതാക്കൾ പറയുന്നു. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടണമെന്ന വികാരം ശക്തമായ പാർട്ടിയിൽ അണികളെ തൃപ്തിപ്പെടുത്താൻ കൂടുതൽ സീറ്റ് നേടുകയെന്നത് പാർട്ടിയുടെ അഭിമാന പ്രശ്നമാണ്. മുന്നണി യോഗങ്ങളിൽ കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ലോപ്പസ് മാത്യു പറയുമ്പോൾ വാദം അപ്പാടെ തള്ളുകയാണ് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു. സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

കേരള കോൺഗ്രസ് എമ്മിന്റെ വാദം

 ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചത് മാണിഗ്രൂപ്പിന്റെ വരവോടെ

 52 പഞ്ചായത്തും ഇടതു മുന്നണി ഭരിക്കുന്നു

 ബ്ളോക്ക് പഞ്ചായത്തുകളിൽ 10 ഉം എൽ.ഡി.എഫ് നേടി

 കഴിഞ്ഞ തവണ മത്സരിച്ച 420 സീറ്റുകളിൽ 260 ലും ജയിച്ചു

'' ജില്ലയിൽ കേരള കോൺഗ്രസിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോർകമ്മിറ്റികൾ രൂപകരിച്ചാണ് പ്രവർത്തനം''

പ്രൊഫ.ലോപ്പസ് മാത്യു, കേരള കോൺ.ജില്ലാ പ്രസിഡന്റ്

'' കൂടിയ സീറ്റുകളുടെ പങ്കുവയ്ക്കൽ സംബന്ധിച്ച് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച് ജില്ലാ എൽ.ഡി.എഫിൽ ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാകും തീരുമാനം. നിലവിൽ സീറ്റ് ചർച്ചകൾ നടന്നിട്ടില്ല.

അഡ്വ.വി.ബി.ബിനു, സി.പി.ഐ ജില്ലാ സെക്രട്ടറി