
കോട്ടയം : തണ്ണീർമുക്കം ബണ്ട് ജില്ലയുടെ പടിഞ്ഞാറൻ പാടശേഖരങ്ങളിലെ അമ്ളത്വം കൂട്ടിയെന്നും, വിളവെടുപ്പിനെ ബാധിച്ചെന്നും പഠനം. ശരീരത്തിന് ദോഷകരമായ ഘനലോഹങ്ങൾ നെല്ലിലൂടെ ഉള്ളിലെത്താൻ കാരണമായതായി കുട്ടനാട് രാജ്യാന്തര കായൽ കൃഷിഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നു.
പി.എച്ച് മൂല്യം 7 ൽ കുറവാണെങ്കിൽ മണ്ണിൽ അമ്ലത്വമുണ്ട്. അമ്ലത്വം കൂടുന്നതനുസരിച്ച് പി.എച്ച് മൂല്യം കുറയും. മൂല്യം 7ൽ കൂടുതലാണെങ്കിൽ ക്ഷാര സ്വഭാവമാണ്. തണ്ണീർമുക്കം ബണ്ടിന് മുൻപ് പാടങ്ങളിൽ ക്ഷാരസ്വഭാവമുള്ള ഉപ്പുവെള്ളം കായലിൽ നിന്ന് കയറിയിരുന്നതിനാൽ അമ്ലത്വം നിയന്ത്രിക്കപ്പെട്ടിരുന്നു. മഴക്കാലത്ത് പാടത്ത് വെള്ളം ഒഴുകിപ്പോകുമ്പോൾ അമ്ലാംശവും ഒഴുകിപ്പോയി. എന്നാൽ ബണ്ടിന്റെ വരവോടെ 6-7വരെയായിരിക്കേണ്ട പി.എച്ച് മൂല്യം 3-4 ആയി.
വേനൽക്കാല നെൽകൃഷി പാളി
കുമരകം, അയ്മനം, വെച്ചൂർ, കല്ലറ ഭാഗങ്ങളിലെ പാടങ്ങളിൽ പി.എച്ച് മൂല്യം 4ൽ താഴെയാണ്. ഇത് പടിഞ്ഞാറൻ പാടങ്ങളിൽ വേനൽക്കാല നെൽകൃഷി പാളുന്നതിന് കാരണമായി. വിളവിലെ അമ്ലത്വം മൂലം നെൽച്ചെടികൾ കരിയുകയാണ്. അതേസമയം മഴക്കാലത്ത് വെള്ളം കയറിയിറങ്ങിപ്പോകുന്ന പാടങ്ങളിൽ അമ്ലത്വം ഇത്രയുമില്ല. കാഡ്മിയം, മെർക്കുറി, ക്രോമിയം തുടങ്ങിയ ഘനലോഹങ്ങൾ സാധാരണ മണ്ണിലുണ്ടാവും. എന്നാൽ അമ്ലത്വം കൂടുതലുള്ള മണ്ണിൽ ഇവ രാസപ്രവർത്തനത്തിലൂടെ ലയിച്ച് മണ്ണിന്റെ ഭാഗമാകും. ചെടികൾ ഇതു വലിച്ചെടുക്കും. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
വിളവ് കുറഞ്ഞതിങ്ങനെ
പി.എച്ച് മൂല്യം 3-4 ഉള്ള പാടങ്ങളിൽ ഹെക്ടറിൽ നാലു ടൺവരെ നെല്ല്
പി.എച്ച് മൂല്യം 6-7 ഉള്ള പാടങ്ങളിൽ വിളവ് ഹെക്ടറിൽ ഏഴ് ടൺവരെ
'' തണ്ണീർമുക്കം ബണ്ട് വന്നതിന് ശേഷം ജില്ലയിലെ പാടശേഖരങ്ങളിൽ മൂന്ന് ശതമാനം സ്ഥലത്താണ് രണ്ട് കൃഷിയും നടക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ മൂവാറ്റുപുഴയാറിലെ വെള്ളം വൈക്കത്ത് നിന്ന് പാടങ്ങളിൽ എത്തിച്ചാൽ ബണ്ട് തുറന്നിട്ടാലും മത്സ്യോത്പാദനത്തെ ബാധിക്കാതെ കൃഷി ചെയ്യാം.
'' ഡോ.കെ.ജി.പദ്മകുമാർ