അന്ത്യാളം : ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതോടെ അന്ത്യാളത്ത് പ്രവർത്തിക്കുന്ന കരൂർ പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മാണം വഴിമുട്ടി. രണ്ട് നിലകളിലായി 8000 സ്‌ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കാനായിരുന്നു തീരുമാനം. കരൂർ, രാമപുരം പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമായിരുന്നു ഈ ആശുപത്രി. കെട്ടിടം പണി പൂർത്തിയാക്കുന്നതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തും. ഒരുകോടി 30 ലക്ഷം രൂപയാണ് ഇതിനായി പ്രതീക്ഷിച്ചിരുന്നത്. നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷവും, ഗ്രാമപഞ്ചായത്ത് 42 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് മൂന്ന് ലക്ഷം എന്നിങ്ങനെ അനുവദിച്ചിരുന്നു. ഈ വർഷം 10 ലക്ഷം രൂപ കൂടി പഞ്ചായത്ത് അനുവദിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് ജോസ് കെ മാണി എം.പി ആറുലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ എട്ടു ലക്ഷം അനുവദിച്ചിരുന്നു. നിർമ്മാണ പൂർത്തീകരണത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന മാനിച്ച് പത്ത് ലക്ഷം കൂടി അടിയന്തരമായി അനുവദിക്കുമെന്നും തുക നൽകാമെന്ന് ഏറ്റിരുന്ന ജനപ്രതിനിധികൾ വാക്കു പാലിക്കാൻ തയ്യാറാകണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.
ഫോട്ടോ: നിർമ്മാണം പാതിവഴിയിൽ നിലച്ച കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം.