കോട്ടയം: യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന 'ലീഡേഴ്സ് സമ്മിറ്റ് ' 9ന് പേരൂർ കാസാ മരിയ സെന്ററിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജോബ് മൈക്കിൾ എം.എൽ.എ വിഷയം അവതരിപ്പിക്കും. പാർട്ടി വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ, എം.എൽ.എമാരായ ഗവൺമെന്റ് ചീഫ് വിപ്പ് എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിമാർ, നിയോജകമണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കായാണ് ക്യാമ്പ്. രക്തദാനസേനയുടെ സംസ്ഥാനതല രൂപീകരണം, ജില്ലാ സമ്മേളനങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പിൽ സജ്ജമാകുന്നതിന്റെ ഭാഗമായുള്ള യുവജന നിശാക്യാമ്പുകൾ, യുവസംരംഭകർക്ക് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന ശില്പശാലകൾ തുടങ്ങിയവയ്ക്ക് അന്തിമരൂപം നൽകുമെന്നും സിറിയക് പറഞ്ഞു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷെയ്ക്ക് അബ്ദുള്ള, ജനറൽ സെക്രട്ടറിമാരായ ദീപക് മാമ്മൻ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ എന്നിവരും പങ്കെടുത്തു.