aana

കോട്ടയം: ഉത്സവവങ്ങളിൽ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഹൈക്കോടതി നിലപാടിനെതിരെ ആനയുടമകൾ രംഗത്ത്. അമിക്കസ് ക്യൂറി നിർദ്ദേശങ്ങൾ കോടതി അംഗീകരിച്ചാൽ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ കഴിയില്ലാത്ത സാഹചര്യമുണ്ടാകും. നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി ആന ഉടമസ്ഥസംഘം ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രോത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണെന്നും ആനയുടമകൾ ചൂണ്ടിക്കാട്ടുന്നു.

അമിക്കസ് ക്യൂറി നിർദ്ദേശങ്ങൾ

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ.

സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകൾ പാടില്ല.

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ വിശ്രമം വേണം.

ആനകൾ തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം.

65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുത്.

ദിവസം 100 കിലോമീറ്ററിലധികം വാഹനത്തിൽ കൊണ്ടുപോകരുത്.

ജനങ്ങളെ 100 മീറ്റർ എങ്കിലും അകലത്തിൽ നിറുത്തണം.

തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല.

ആന ഉടമസ്ഥരുടെ വാദം

അമിക്കസ് ക്യൂറിയുടെ നിർദ്ദേശങ്ങളൊന്നും പ്രായോഗികമല്ല. എഴുന്നള്ളിപ്പ് കൂടുതൽ തൃശൂർ ജില്ലയിലാണ്. 100 കിലോമീറ്ററിലധികം വാഹനത്തിൽ ആനകളെ കൊണ്ടുപോകരുതെന്ന നിർദ്ദേശം നടപ്പായാൽ കോട്ടയം ,പത്തനംതിട്ട ഭാഗത്തുള്ള ഒരു ആനയെ പോലും തൃശൂർ ഭാഗത്തേക്ക് കൊണ്ടു പോകാൻ കഴിയില്ല.

വിശ്വാസത്തിന്റെ ഭാഗമായി ആന എഴുന്നള്ളിപ്പ് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. നിയന്ത്രണം ശരിയല്ല. നടപ്പാക്കാനാവാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കരുത്. പ്രായോഗിക നിർദ്ദേശങ്ങളാണ് വേണ്ടത്.

എം.മധു. (എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )