ritham

കോട്ടയം : കോട്ടയത്ത് ജോലി ചെയ്യുന്ന അച്ഛനും അമ്മയും പുതിയ ഭാഷയെക്കുറിച്ച് പറഞ്ഞപ്പോൾ മുതൽ നേപ്പാൾ സ്വദേശിയായ പതിനെട്ടുകാരൻ റിതമിന് മലയോളത്തോട് തോന്നിയ കമ്പമാണ്. വൈകിയില്ല റിതം ലാംഗേഡ് അക്ഷരനഗരയിലേയ്ക്ക് വണ്ടികയറി. ഇവിടെ കോളേജിൽ ചേർന്നു, പാർട്ട് ടൈം ജോലിയും നേടി. ചില്ലക്ഷരവും വള്ളിയും പുള്ളിയുമുള്ള മലയാളം പൂർണമായും മനസിലായില്ലെങ്കിലും പഠിച്ചെടുക്കുമെന്ന ദൃഢനിശ്ചയമുണ്ട് മുഖത്ത്.

ആറുമാസം മുൻപാണ് റിതമിന്റെ അച്ഛൻ രാജു ലാംഗേഡ് ഈരയിൽക്കടവിലെ കൺവെൻഷൻ സെന്ററിൽ ജോലിക്ക് ഭാര്യ മംമ്തയ്ക്കൊപ്പമെത്തിയത്. ജന്മനാട് വിട്ടുവരുന്നില്ലെന്ന വാശിയിലായിരുന്നു അന്ന് റിതം. ഇളയസഹോദരൻ റിബേഷിനെ എൽ.കെ.ജിയിൽ കോട്ടയം എം.ടി സ്കൂളിലും ചേർത്തു. എന്നാൽ മലയാളവും കേരള സംസ്കാരവും അച്ഛനിൽ നിന്ന് കേട്ടറിഞ്ഞ റിതം നാട്ടിലെ പഠനം അവസാനിപ്പിച്ച് കോട്ടയത്തെ പാരലൽ കോളേജിൽ പ്ലസ്ടു കൊമേഴ്സ് വിഭാഗത്തിൽ ചേർന്നു. ഒഴിവ് സമയങ്ങളിൽ ഈരയിൽക്കടവിലെ നസീബ് തലശ്ശേരിയുടെ ബേക്കറിയിൽ ജോലി. ഉച്ചവരെ ക്ലാസിന് ശേഷം രാത്രി 10 വരെ കടയിൽ. കൂട്ടുകാരുമായി സംസാരിച്ച് തുടങ്ങിയ റിതമിന് മലയാളം പഠനം അത്ര എളുപ്പമല്ലെന്ന് മനസിലായി. ഇംഗ്ളീഷും, ഹിന്ദിയും പച്ചവെള്ളം പോലെ അറിയാമെങ്കിലും കടയിലെത്തുന്ന വിവിധ ആളുകളോട് പരമാവധി മുറിമലയാളത്തിൽ സംസാരിക്കും. ചില്ലക്ഷരവും, കൂട്ടക്ഷരവും, അക്ഷരമാലയുമൊക്കെയായി മലയാളം സ്വന്തമായി എഴുതാനും വായിക്കാനുമുള്ള ശ്രമത്തിലാണിപ്പോൾ.

'' കേരളത്തിന്റെ സംസ്കാരം മനോഹരമാണ്. മലയാള ഭാഷ കേൾക്കാൻ രസമാണ്. പക്ഷേ,​ പഠിക്കാൻ പ്രയാസവും. മലയാളം പഠിച്ചതിന് ശേഷമേ കോട്ടയം വിടൂ''

-റിതം ലാംഗേഡ്