railway

ഉദ്ഘാടനം 12ന്

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ പുതിയതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ, എസ്‌കലേറ്റർ എന്നിവയുടെ ഉദ്ഘാടനം 12 ന് നടക്കും. കഴിഞ്ഞ ആഴ്ച അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി വിളിച്ചു ചേർത്ത യോഗത്തിൽ മണ്ഡല -മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന 15 ന് മുമ്പ് തുറന്നു കൊടുക്കാൻ തീരുമാനമായിരുന്നു. രണ്ടാം കവാടത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും കാലത്താമസമില്ലാതെ പൂർത്തിയാക്കുമെന്ന് എം.പി പറഞ്ഞു. 12 ന് രാവിലെ 11 ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ, ജോസ് കെ.മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

പാളം കടക്കാതെ പ്ലാറ്റ്ഫോമിലെത്താം
എം.സി റോഡിൽനിന്ന് സ്റ്റേഷനിലേക്ക് ഔദ്യോഗികമായ വഴിയാകും. നിലവിൽ ഗുഡ്‌സ് ഷെഡ് റോഡ് വഴി ആളുകൾ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാൻ സൗകര്യം ഇവിടെയില്ല. പാളം കടന്നുവേണം പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരാൻ. രണ്ടാംകവാടം തുറക്കുന്നതോടെ അഞ്ച് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് ഫുട് ഓവർബ്രിഡ്ജുണ്ട്. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്ക് കവാടം ഉപയോഗിക്കാം. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ക്രമീകരിക്കും. രണ്ടാംകവാടത്തിന് സമീപത്തെ ഒഴത്തിൽ ലെയ്ൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാം.

മറ്റ് സൗകര്യങ്ങൾ
എല്ലാ പ്ലാറ്റ്‌ഫോമുകളിലും ശുദ്ധജല സൗകര്യം
മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേകമുറി