kcm

പാലാ : തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് ഇന്നലെ പാലായിൽ ചേർന്ന ജില്ലാ ക്യാമ്പിൽ തീരുമാനമായി. ഇതിനായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് അംഗങ്ങൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയ്ക്ക് രൂപം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളിൽ മത്സരിക്കാൻ കഴിഞ്ഞില്ലെന്ന് ക്യാമ്പ് വിലയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ത്രിതല പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, ഔസേപ്പൻ വാളി പ്ലാക്കൽ, സണ്ണി തെക്കേടം, സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.

റബർ വിലയിടിവ് ഉത്തരവാദി കേന്ദ്രം : ജോസ് കെ.മാണി

റബർ വിലയിടിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. നിലവിലെ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തണം. വില സ്ഥിരത ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണം. ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തുനിറുത്തിയത് എൽ.ഡി.എഫ് : മന്ത്രി റോഷി
യു.ഡി.എഫ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് നിറുത്തിയത് എൽ.ഡി.എഫാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുറവുകൾ ഉണ്ടെങ്കിൽ തിരുത്തും. എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള കഠിന പ്രയത്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.