fever

കോട്ടയം : ചെറുചൂടോടെ തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറൽപ്പനി ആളുകളെ കീഴ്‌പ്പെടുത്തുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകൽ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്. വൈക്കത്ത് കുട്ടികളിൽ വൈറൽപ്പനി പടരുന്ന സാഹചര്യമുണ്ടെങ്കിലും ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കുട്ടികൾക്ക് സാധാരണ കണ്ടുവരാറുള്ള ജലദോഷ സംബന്ധമായ (ഫ്‌ളൂ) പനിയാണ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 മുതൽ ഹൈസ്‌കൂൾ വിഭാഗത്തിലെ ഏതാനും കുട്ടികൾക്ക് ആരംഭിച്ച പനി കൂടുതൽപേരിലേക്ക് പടരുകയായിരുന്നു. പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് മുന്നറിയിപ്പ്. സ്വയംചികിത്സ പാടില്ല. ഇത് ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാൻ ഉപകരിക്കും. ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.


കുട്ടികളുടെ മരണം പകർച്ചപ്പനി മൂലമല്ല

വൈക്കം,ടി.വി.പുരം മേഖലകളിലെ രണ്ടുകുട്ടികളുടെ മരണം പകർച്ചപ്പനി മൂലല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വൈക്കത്ത് കഴിഞ്ഞമാസം 20 ന് മരിച്ച 13 കാരന് മൂത്രനാളിയിലെ അണുബാധ മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടി.വി.പുരത്ത് ഒക്ടോബർ 25 ന് മരിച്ച 11 കാരിയുടെ മരണം ആശുപത്രി ചികിത്സാ രേഖകൾ പ്രകാരം ന്യുമോകോക്കൽ മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്നും ഡി.എം.ഒ അറിയിച്ചു.

ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, തലവേദന, കണ്ണിനു പിന്നിൽ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ, തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ട്, രക്തസമ്മർദം കുറയുക, രക്തസ്രാവം.

''പനി, ജലദോഷം എന്നിവയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് ഒഴിവാക്കണം. ഇവർക്ക് ഡോക്ടറെ കണ്ട് ചികിത്സയും, ആവശ്യമായ വിശ്രമവും, ഭക്ഷണവും പാനീയങ്ങളും നൽകാൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം. അസുഖമുള്ള അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരും ജോലിക്കെത്തുന്നത് ഒഴിവാക്കണം.

-(ഡോ. എൻ. പ്രിയ ജില്ലാ മെഡിക്കൽ ഓഫീസർ)