
കോട്ടയം: തുലാമഴയിൽ ടാപ്പിംഗ് കുറഞ്ഞ് ഉത്പാദനം ഇടിഞ്ഞെങ്കിലും റബർ കർഷകർക്ക് ആശ്വാസമില്ല. ഇറക്കുമതി റബർ ആവശ്യത്തിനുള്ളതിനാൽ വ്യവസായികൾ ഒരു മാസമായി ചരക്ക് വാങ്ങുന്നില്ല. രാജ്യാന്തര വില 20 രൂപയ്ക്കടുത്ത് ഉയർന്നിട്ടും ആഭ്യന്തര വിപണിയിൽ മാറ്റമുണ്ടായില്ല.
അഞ്ച് ശതമാനം നികുതി നൽകി വ്യവസായികൾ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്യുന്നതാണ് ഷീറ്റടിക്കുന്ന സാധാരണ കർഷകരെ അങ്കലാപ്പിലാക്കുന്നത്. രണ്ടു മാസത്തിനിടെ കിലോയ്‌ക്ക് 70 രൂപയുടെ ഇടിവാണ് ഷീറ്റിനുണ്ടായത്. ആഭ്യന്തര വിപണിയിൽ നിന്ന് റബർ ശേഖരിക്കണമെന്ന റബർ ബോർഡ് നിർദേശം വ്യവസായികൾ പരിഗണിച്ചില്ല.
കുരുമുളക് വില മുകളിലേക്ക്
ഉത്സവ സീസണായതിനാൽ ഡിമാൻഡ് കൂടിയതോടെ രണ്ടാഴ്ചക്കിടയിൽ കുരുമുളകിന് കിലോക്ക് 12 രൂപ കൂടി. വില കുറഞ്ഞ ഇറക്കുമതി മുളകാണ് മസാല കമ്പനികൾ വാങ്ങുന്നത്. ശ്രീലങ്ക വഴി എത്തുന്ന കുരുമുളക് വിപണിയിൽ സജീവമാണ്.